തൊടുപുഴ: പണിമുടക്കെന്നോ ഹർത്താലെന്നോ കേട്ടാൽ പിന്നെ ആ ദിവസം വീട്ടിൽ നിന്ന് പുറത്തിറങ്ങാത്തവരാണ് മലയാളികൾ. അതുകൊണ്ട് തന്നെ ഈ തിരഞ്ഞെടുപ്പ് കാലത്ത് അപ്രതീക്ഷിതമായെത്തിയ ദേശീയ പണിമുടക്ക് മുന്നണികൾക്ക് സുവർണാവസരമായി മാറി. സാധാരണ ദിവസങ്ങളിൽ പ്രചരണത്തിനായി വീടുകളിലെത്തുപ്പോൾ പലപ്പോഴും വോട്ട് ചോദിക്കാൻ ആരും ഉണ്ടാകാറില്ല. ചിലപ്പോൾ വീട്ടമ്മമാരോ കുട്ടികളോ മാത്രമാകും കാണുക. പലതവണ വീട് കയറിയിട്ടും രാവിലെ തന്നെ ജോലിക്ക് പോകുന്ന വീട്ടുകാരെ കാണാൻ സാധിക്കാത്ത സ്ഥാനാർത്ഥികളുണ്ട്. ചിലരെ ഞായറാഴ്ച പോലും കാണാൻ കിട്ടാറില്ല. എന്നാൽ ഇന്നലെ പണിമുടക്ക് ദിവസമായതിനാൽ വീട്ടിലുണ്ടായിരുന്ന ഇവരെയെല്ലാം നേരിട്ട് കണ്ട് വോട്ട് ചോദിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് സ്ഥാനാർത്ഥികൾ. ഗ്രാമ- ബ്ലോക്ക്- ജില്ലാ പഞ്ചായത്ത് , മുൻസിപ്പൽ സ്ഥാനാർത്ഥികളെല്ലാം ഇന്നലെ വീട് കയറുന്നതിന്റെ തിരക്കിലായിരുന്നു. പ്രവർത്തകരാകട്ടെ പോസ്റ്റർ ഒട്ടിക്കാനും നോട്ടീസുകൾ വിതരണം ചെയ്യാനും ഈ ദിവസം വിനിയോഗിച്ചു. ചുരുക്കി പറഞ്ഞാൽ പൊതുജനം പണി മുടക്കി വീട്ടിലിരുന്നപ്പോൾ പൊതുപ്രവർത്തകരെല്ലാം മുട്ടൻ പണിയിലായിരുന്നു.