 നടി കുശ്ബുവടക്കമെത്തും

തൊടുപുഴ: തദ്ദേശതിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ജില്ലയിലേക്ക് പ്രചാരണത്തിനായെത്തുന്നത് സംസ്ഥാന- ദേശീയ നേതാക്കളുടെ വൻ നിര. കൊവിഡായതിനാൽ വലിയ കൺവെൻഷനുകൾക്ക് പകരം വാർഡ് തല കുടുംബസംഗമങ്ങളിലാണ് നേതാക്കൾ പങ്കെടുക്കുക. യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി 28ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തൊടുപുഴയിലെത്തും. രണ്ടിന് കോളപ്ര, മൂന്നിന് മ്രാല, നാലിന് പടി. കോടിക്കുളം, അഞ്ചിന് വണ്ണപ്പുറം എന്നീ സ്ഥലങ്ങളിൽ ഓരോ കുടുംബസംഗമങ്ങളിൽ പങ്കെടുക്കും. 29ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ജില്ലയിലെത്തും. രാവിലെ 11ന് പൂമാല, 12.30ന് രാജമുടി, 1.30ന് തങ്കമണി, 2.30ന് തൂക്കുപാലം, 3.30ന് ചക്കുപള്ളം, 4.30ന് വണ്ടിപ്പെരിയാർ, 5.30ന് ഏലപ്പാറ, 6.30ന് പെരുവന്താനം എന്നീ സ്ഥലങ്ങളിൽ ഓരോ കുടുംബസംഗമങ്ങളിൽ പങ്കെടുക്കും. ഡിസംബർ ഒന്നിന് ജില്ലയിലെത്തുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുടുംബസംഗമങ്ങളിൽ പങ്കെടുക്കും.

നേരത്തെ സ്ഥാനാർത്ഥികളെ നിശ്ചയിച്ചതിനാൽ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചരണത്തിൽ മുൻപന്തിയിലാണ്. ജില്ലയുടെ ചുമതലയുള്ള മന്ത്രി എം.എം. മണി നേരിട്ടാണ് പ്രചരണത്തിന് നേതൃത്വം നൽകുന്നത്. ഏതൊക്കെ സംസ്ഥാന നേതാക്കൾ ജില്ലയിലെത്തുമെന്ന കാര്യത്തിൽ അന്തിമതീരുമാനം ഇന്നോ നാളെയോ ഉണ്ടാകും. മന്ത്രിമാരടക്കമുള്ള നേതാക്കളെ രംഗത്തിറക്കാനാണ് ഇടതുപക്ഷത്തിന്റെ നീക്കം.

എൻ.ഡി.എയ്ക്ക് വേണ്ടി അടുത്തിടെ കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിൽ ചേർന്ന തെന്നിന്ത്യൻ നടി കുശ്ബുവടക്കമുള്ള നേതാക്കളാണ് ജില്ലയിലെത്തുന്നത്. കുശ്ബു അടുത്ത മാസമാദ്യമെത്തുമെത്തും. മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ഇന്ന് തൊടുപുഴ മേഖലയിലെ പഞ്ചായത്തുകളിലെ വാർഡ് തല യോഗങ്ങളിൽ പങ്കെടുക്കും. നാളെ ജില്ലയിലെത്തുന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ

കുട്ടിക്കാനം,​ നെടുങ്കണ്ടം,​ തോപ്രാംകുടി എന്നിവിടങ്ങളിലെ യോഗങ്ങളിൽ പങ്കെടുക്കും. ഡിസംബർ ആദ്യം നേതാക്കളായ പി.കെ. കൃഷ്ണദാസ്,​ പി.പി. രാധാകൃഷ്ണൻ എന്നിവർ ജില്ലയിൽ പ്രചരണത്തിനുണ്ടാകും.