ബി.എച്ച്.എസ് വാർഡ് (7)​

എൽ.ഡി.എഫിന്റെ സിറ്റിംഗ് വാർഡായ ബി.എച്ച്.എസ് നിലനിറുത്താൻ സി.പി.ഐ ജില്ലാ കൗൺസിലംഗം മുഹമ്മദ് അഫ്‌സലിനെയാണ് ഇടത് സ്ഥാനാർത്ഥിത്വം നൽകിയിരിക്കുന്നത്. രണ്ടാംവട്ടമാണ് മത്സരത്തിനിറങ്ങുന്നത്. തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറിയായ സി.കെ. അബ്ദുൽ ഷെരീഫാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. മുസ്ലിംലീഗുകാരനായ ഷെരീഫിന്റെ കന്നിയങ്കമാണ്. യുവമോർച്ച തൊടുപുഴ മുനിസിപ്പൽ ജനറൽ സെക്രട്ടറി ആർ. അർജുനാണ് ബി.ജെ.പിക്ക് വേണ്ടി കന്നിമത്സരത്തിനിറങ്ങുന്നത്.

വടക്കുംമുറി (8)​

വടക്കുംമുറി കൈവിടാതിരിക്കാൻ മൂന്നാം വട്ടവും സഫിയ ജബ്ബാറിനെ തന്നെയാണ് യു.ഡി.എഫ് രംഗത്തിറക്കിയിരിക്കുന്നത്. മുസ്ലീം ലീഗുകാരിയായ സഫിയ രണ്ടര വർഷം ചെയർപേഴ്‌സണായിരുന്നു. വണ്ണപ്പുറം എസ്.എൻ.എം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ പ്രധാനാദ്ധ്യാപികയായിരുന്ന

എം.എൻ. പുഷ്പലതയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. ജുവനൈൽ ജസ്റ്റിസ് സ്ഥാപനങ്ങളുടെ പരിശോധനാസമിതി അംഗവും കെ.എസ്.ടി.എ മുൻ സംസ്ഥാന കമ്മിറ്റിയംഗവുമാണ്. പുതുച്ചിറയിൽ മെഡിക്കൽ ഷോപ്പ് നടത്തുന്ന പുതുമുഖമായ അർച്ചന അനൂപാണ് എൻ.ഡി.എ സ്ഥാനാർത്ഥി.

പെട്ടെനാട് (9)

നിലവിലെ കൗൺസിലറായ ജെസി ജോണിയെ തന്നെയാണ് പെട്ടെനാട് സംരക്ഷിക്കാൻ യു.ഡി.എഫ് നിറുത്തിയിരിക്കുന്നത്. നഗരസഭയിലേക്ക് ജെസി നാലാം വട്ടമാണ് മത്സരിക്കുന്നത്. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷയായിരുന്നു. വാർഡ് പിടിക്കാൻ മുൻ കോളേജ് അദ്ധ്യാപകനും അഭിഭാഷകനുമായ അഡ്വ. ഡോ. സി.ടി. ഫ്രാൻസീസിനെയാണ് എൽ.ഡി.എഫ് രംഗത്തിറക്കിയിരിക്കുന്നത്. ജനാധിപത്യ കേരള കോൺഗ്രസ് തൊടുപുഴ നിയോജക മണ്ഡലം വർക്കിംഗ് പ്രസിഡന്റുമാണ്.

ജില്ലാ ബാങ്ക് റിട്ട. ജീവനക്കാരൻ കെ.എ. മോഹനകുമാറാണ് എൻ.ഡി.എയ്ക്ക് വേണ്ടി മത്സരിക്കുന്നത്.