ഇടുക്കി: തിരഞ്ഞെടുപ്പ് പ്രചരണത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടർ എച്ച്.ദിനേശൻ പറഞ്ഞു. കലക്ട്രേറ്റിൽ ചേർന്ന ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളുടെയും ഏജന്റുമാരുടേയും യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ പൊതു നിരീക്ഷകൻ രാജേഷ് രവീന്ദ്രന്റെ സാന്നിദ്ധ്യത്തിലാണ് യോഗം ചേർന്നത്. തിരഞ്ഞെടുപ്പ് പ്രചരണ വാഹനങ്ങൾക്കും പാസ് നിർബന്ധമാണ്. പ്രചരണത്തിൽ വ്യക്തിഹത്യ പാടില്ല, ജാതി, മത, സമുദായ വിഷയങ്ങളിലൂന്നി വോട്ടു ചോദിക്കരുത്. ചെലവു കണക്കുകൾ യഥാസമയം സമർപ്പിക്കണം. പെരുമാറ്റച്ചട്ടം കൃത്യമായി പാലിക്കണമെന്നും പരാതികളോ സംശയങ്ങളോ ഉണ്ടെങ്കിൽ തിരഞ്ഞെടുപ്പ് കൺട്രോൾ റൂമിൽ വിളിക്കുന്നതാണെന്നും കളക്ടർ പറഞ്ഞു. പൊലീസിന്റെ മുൻകൂർ അനുമതി വാങ്ങേണ്ടതാണെന്നും ജില്ലാ പൊലീസ് മേധാവി ആർ.കറുപ്പസാമി പറഞ്ഞു.
ജില്ലയിൽ കൊവിഡ് കേസ് കൂടി വരുന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് ഡി എം ഒ ഡോ.എൻ. പ്രിയ പറഞ്ഞു. വോട്ടർമാരുമായി രണ്ട് മീറ്റർ ശാരീരിക അകലം പാലിക്കണം, ഷേക്ക് ഹാന്റ്, ബൊക്ക, ഹാരം തുടങ്ങിയവ ഒഴിവാക്കണം. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിക്കണമെന്നും ഡിഎംഒ പറഞ്ഞു. യോഗത്തിൽ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സാജൻ.വി.കുര്യാക്കോസ്, ചെലവ് നിരീക്ഷകൻ എസ്.ഡി.ഫെറോൾഡ് സേവ്യർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.