തൊടുപുഴ: 'ഇന്ന് ബ്ലോക്ക് പഞ്ചായത്തിലേക്ക്,​ ഞാനും സാരഥിയായിതാ വന്നേ..." മധുര ശബ്ദത്തിൽ 'ഇന്ന് പാടവരമ്പത്തിലൂടെ..." എന്ന സിനിമാ ഗാനത്തിന്റെ ഈണത്തിൽ പാടി വോട്ട് ചോദിക്കുന്നത് മറ്റാരുമല്ല,​ സ്ഥാനാർത്ഥി തന്നെയാണ്. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഇടവെട്ടി ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാർത്ഥി മുഹമ്മദ് ഷെഹിൻഷായാണ് സ്വന്തമായി പ്രചാരണ ഗാനം ആലപിച്ച് വോട്ട് തേടുന്നത്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനരംഗത്തെത്തിയ ഷെഹിൻഷാ ചെറുപ്പം മുതൽ പാടുമായിരുന്നു. മുമ്പ് തിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിനായി പ്രചാരണഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. എന്നാൽ സ്വന്തമായി വോട്ട് ചോദിച്ച് പാടേണ്ടി വരുമെന്ന് കരുതിയില്ല. സ്ഥാനാർത്ഥിയായതോടെ പ്രചരണഗാനം പാടാൻ മറ്റാരെയും തേടി പോയില്ല. സ്വയം മൈക്കെടുത്ത് അങ്ങ് പാടി. സംഗതി ഇപ്പോൾ സൂപ്പർ ഹിറ്റ്. എം.എസ്.എഫ് സംസ്ഥാന കൗൺസിൽ അംഗമാണ് ഈ 26കാരൻ. ഇ.കെ.അജിനാസാണ് ഈ ഡിവിഷനിലെ എൽ.ഡി.എഫ് സ്ഥാനാർഥി. സുരേഷ് കണ്ണനാണ് എൻ.ഡി.എ സ്ഥാനാർത്ഥി.