പഞ്ചായത്തുകളുടെ അവഗണന ചർച്ചാവിഷയമാകും
ചെറുതോണി: ജില്ലയിലെ പ്രശസ്ത ടൂറിസം കേന്ദ്രമായ പാൽക്കുളം മേടിനെ അവഗണിച്ചത് തിരഞ്ഞെടുണ്ട് വേദികളിൽ ചർച്ചാവിഷയമാകും. ജില്ലാ ആസ്ഥാനത്ത് നിന്നും അഞ്ച് കിലോമീറ്റർ മാത്രം മാറി വാഴത്തോപ്പ്, കഞ്ഞിക്കുഴി പഞ്ചായത്തുകളുടെ മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഏറെ അറിയപ്പെടുന്ന ഈ വിനോദ സഞ്ചാര കേന്ദ്രത്തിൽ അടിസ്ഥാന സൗകര്യമൊരുക്കുന്നതിനോ വികസ പദ്ധതികൾ രൂപീകരിക്കുന്നതിനോ ഇനിയും കഴിഞ്ഞിട്ടില്ല. പാൽക്കുളംമേട് ടൂറിസ്റ്റ് കേന്ദ്രത്തിന്റെ വികസനത്തിനായി കഞ്ഞിക്കുഴി പഞ്ചായത്ത് വികസന ഫണ്ട് വകയിരുത്തിയെങ്കിലൂം ഇതിനായി ഒന്നും ചിലവഴിച്ചിട്ടില്ല. വാഴത്തോപ്പ് ഗ്രാമപഞ്ചായത്തും ഈ ടൂറിസ്റ്റ് കേന്ദ്രത്തെ പൂർണ്ണമായി അവഗണിക്കുകയായിരുന്നു.
പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ടൂറിസം മാപ്പിൽ ഇടം നേടിയ പാൽക്കുളം മേട് സഞ്ചാരികൾക്ക് ദൃശ്യവിരുന്ന് ഒരുക്കുന്ന പ്രദേശത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിന്ന് ഏറെ വ്യത്യസ്ഥമാണ്. നേര്യമംഗലംപുളിയൻമല ദേശീയപാതയിൽ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ ചുരുളിയിൽ നിന്നും നാല് കിലോമീറ്ററും, അതേ ദേശീയപാതയിലെ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ അശോക കവലയിൽ നിന്ന് അഞ്ച് കിലോമീറ്ററും സഞ്ചരിച്ചാൽ പാൽക്കുളം മേട്ടിലെത്താം: ഏക്കറ് കണക്കിന് ചെങ്കുത്തായും വിശാലമായിക്കിടക്കുന്ന പുൽമേടുകളും, വനവും, തടാകവും ഉൾപ്പെടുന്ന ഇവിടെ ഏറെ സഞ്ചാരികളാണ് എത്തിക്കൊണ്ടിരുന്നത്. എന്നാൽ ഇങ്ങോട്ടേക്കുള്ള പാതകൾ ഗതാഗത യോഗ്യമല്ലാത്തതിനാൽ ജില്ലാ ആസ്ഥാനത്ത് എത്തുന്ന വിനോദ സഞ്ചാരികൾ ഇവിടേക്കുള്ള യാത്ര ഉപേക്ഷിച്ച്, കുയിലിമലയും, ഹിൽവ്യൂ പാർക്കും, കാൽവരി മൗണ്ട് ടൂറിസ്റ്റ് കേന്ദ്രവും സന്ദർശിച്ച് മടങ്ങുകയാണ് പതിവ്. പാൽക്കുളം മേടിന്റെ വികസനം ലക്ഷ്യം വച്ച് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും, വിവിധ സന്നദ്ധ സംഘടനകളുടെയും പ്രദേശവാസികളുടെയും നേതൃത്വത്തിൽ ഇരുപത് വർഷം മുമ്പ് ഒരാഴ്ചയിലധികം നീണ്ട് നിന്ന പാൽക്കുളം മേട് ടൂറിസം ഫെസ്റ്റ് സംഘടിപ്പിച്ചിരുന്നു. ഇതെ തുടർന്ന് ടൂറിസ്റ്റുകളെ ഇവിടേക്ക് ആകർഷിക്കാൻ കഴിഞ്ഞിരുന്നെങ്കിലൂംതുടർന്ന് അന്ന് പദ്ധതിയിട്ട ഒരു അടിസ്ഥാന വികസന കാര്യങ്ങൾ പോലും നടപ്പിലാക്കാൻ കഴിഞ്ഞില്ല. ചുരുളിയിൽ നിന്നും, മണിയാറൻകുടിയിൽ നിന്നുമുണ്ടായിരുന്ന ഓഫ് റോഡ് ഡ്രൈവിംഗും, ട്രക്കിംഗും പോലും അസാദ്ധ്യമായ നിലയാണ് ഇപ്പോഴുള്ളത്.
കാഴ്ച്ചയ്ക്ക്
വിരുന്നൊരുക്കി...
സമുദ്രനിരപ്പിൽ നിന്ന് 2500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിനോദസഞ്ചാര കേന്ദ്രത്തിൽ നിന്ന് ജില്ലയിലെ പല ഗ്രാമങ്ങളുടെയും നേർക്കാഴ്ച വിസ്മയമൊരുക്കുന്നതാണ്. കാലാവസ്ഥ അനുകൂലമായ രാത്രി കാലങ്ങളിൽ കൊച്ചിൻ ഷിപ്പ് യാർഡും, കൂമ്പൻപാറയും, മൂന്നാറും, പള്ളിവാസൽ ജലവൈദ്യുത പദ്ധതി ആലപ്പുഴ, എന്നീ കേന്ദ്രളുടെ സുഗമമായ കാഴ്ചയും മറ്റൊരു പ്രത്യേകതയാണ്, മുൻ കാലങ്ങളിൽ ഇവിടെ എത്തുന്ന സഞ്ചാരികൾ ടെന്റ് കെട്ടി രാത്രി കാലങ്ങളിൽ ഇവിടെ താമസിച്ചിരുന്നു.