തൊടുപുഴ: കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് സർക്കാർ സംവിധാനങ്ങളുമായി പൂർണമായി സഹകരിക്കുമെന്ന് സ്വകാര്യ ആശുപത്രികൾ ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിക്ക് മുമ്പാകെ വ്യക്തമാക്കി. കൊവിഡ് രോഗികളുടെ കിടത്തി ചികിത്സയ്ക്കായി പത്തു ശതമാനം കിടക്കകൾ നീക്കി വയ്ക്കാമെന്നും കാരുണ്യ സുരക്ഷ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് സൗജന്യ ചികിത്സ ലഭ്യമാക്കാമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ജില്ലയിലെ പത്ത് ആശുപത്രികൾക്കാണ് ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി സെക്രട്ടറി ദിനേശ് എം. പിള്ള നോട്ടീസ് അയച്ചത്. ഇതിൽ രണ്ട് ആശുപത്രികൾ രേഖാമൂലം മറുപടി നൽകിയിരുന്നു. സ്വകാര്യ ആശുപത്രികളിൽ കൊവിഡ് രോഗികൾക്ക് ചികിത്സ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് അതോറിട്ടിയുടെ നിർദേശ പ്രകാരം ജില്ലാ കളക്ടറും ആശുപത്രികൾക്ക് നോട്ടീസ് അയച്ചിരുന്നു. ബാക്കി എട്ട് ആശുപത്രികളാണ് ഇന്നലെ അതോറിട്ടിയ്ക്ക് മുമ്പാകെ ഹാജരായി വിശദീകരണം നൽകിയത്. ജില്ലാ കളക്ടർ കഴിഞ്ഞ 20ന് പുറത്തിറക്കിയ ഉത്തരവിലെ അവ്യക്തത സ്വകാര്യ ആശുപത്രി അധികൃതർ ചൂണ്ടിക്കാട്ടി. ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികളിൽ സൗജന്യ ചികിത്സ നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് കളക്ടർ നിർദേശിച്ചിരിക്കുന്നത്. എന്നാൽ കാരുണ്യ സുരക്ഷാ പദ്ധതിയ്ക്കു കീഴിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ആശുപത്രികളിലാണ് കൊവിഡ് രോഗികൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാൻ കഴിയുന്നത്. ജില്ലയിലെ പല സ്വകാര്യ ആശുപത്രികളും പദ്ധതിയിൽ ഉൾപ്പെടാത്തവയോ അപേക്ഷ നൽകി കാത്തിരിക്കുന്നവയോ ആണെന്നും ആശുപത്രി മാനേജ്‌മെന്റുകൾ വ്യക്തമാക്കി. ജില്ലയിലെ സർക്കാർ ആശുപത്രികളിലെ കൊവിഡ് ചികിത്സ സംവിധാനങ്ങൾ കാര്യക്ഷമമാക്കുന്നതിന് സഹകരിക്കാമെന്നും ചില ആശുപത്രി അധികൃതർ പറഞ്ഞു. സാധാരണക്കാരുടെ ജീവനെ ബാധിക്കുന്ന കാര്യമായതിനാൽ ആശുപത്രികൾ ഇക്കാര്യത്തിൽ കൂടുതൽ സഹകരിക്കണമെന്ന് ലീഗൽ സർവീസ് അതോറിട്ടി സെക്രട്ടറിയും സബ് ജഡ്ജിയുമായ ദിനേശ് എം. പിള്ള മാനേജ്‌മെന്റുകളോട് ആവശ്യപ്പെട്ടു. സ്വകാര്യ ആശുപത്രികളിൽ കൊവിഡ് രോഗികൾക്ക് ചികിത്സ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് അഡ്വ.ടോം തോമസ് പൂച്ചാലിൽ നൽകിയ പരാതിയിലാണ് അതോറിട്ടി സിറ്റിംഗ് നടത്തിയത്.