തൊടുപുഴ: കൊവിഡ് 19 പടർന്നു പിടിച്ചതിന്റെ പശ്ചാത്തലത്തിൽ ജൂനിയർ റെഡ് ക്രോസ് 'കരുതലിനൊരു കൈത്താങ്ങ്; മാസ്‌ക് ചലഞ്ച് 2020'. പദ്ധതിയ്ക്ക് തുടക്കമായി.കുട്ടികളുടെയും രക്ഷകർത്താക്കളുടെയും അദ്ധ്യാപകരുടെയും കൗൺസിലർമാരുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കൊവിഡിനെ പ്രതിരോധിക്കാൻ കുട്ടികളെ സ്വയം പരിശീലിപ്പിക്കുകയും ഒപ്പം മറ്റുള്ളവരെ ബോധവാൻമാരാക്കുകയുമാണ് കരുതലിനൊരു കൈത്താങ്ങ് പദ്ധതി ലക്ഷ്യമിടുന്നത്. സംസ്ഥാനത്തൊട്ടാകെ ഏകദേശം 800000 മാസ്‌കുകൾ ഇതിനോടകം സമാഹരിക്കുവാൻ സാധിച്ചതായി ഭാരവാഹികൾ പറഞ്ഞു.
പരിപാടിയുടെ ഭാഗമായി സ്വരൂപിച്ച മാസ്‌കിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു നിർവഹിച്ചു. ജില്ലയിൽ ജെ.ആർ.സി. കേഡറ്റുകളുടെ നേത്യത്വത്തിൽ 30000 മാസ്‌കുകളാണ് വിതരണത്തിന് തയ്യാറായിരിക്കുന്നത്. ജില്ലാതല ഉദ്ഘാടനം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശശീന്ദ്രവ്യാസ് .വി.എ നിർവഹിച്ചു. ജൂണിയർ റെഡ് ക്രോസ് ജില്ല കോ ഓർഡിനേറ്റർ ജോർജ് ജേക്കബ് നേത്യത്വം നൽകി.
വിദ്യാഭ്യാസ ജില്ലാതല ഉദ്ഘാടനം തൊടുപുഴയിലും കട്ടപ്പനയിലും ഡി.ഇ.ഒ. മാരായ രാജേന്ദ്രൻ.എസ്, സെയ്തലവി മാങ്ങത്തുപറമ്പൻ എന്നിവർ നിർവഹിച്ചു. ഐ,ആർ.സി.എസ്. ജില്ലാ പ്രസിഡന്റ് റ്റി.എസ് ബേബി കട്ടപ്പനയിലും പി.എസ്. ഭോഗീന്ദ്രൻ തൊടുപുഴയിലും നടത്തിയ ചടങ്ങുകളിൽ അദ്ധ്യക്ഷത വഹിച്ചു. ജൂനിയർ റെഡ് ക്രോസ് ജില്ല ജോയിന്റ് കോ ഓർഡിനേറ്റർ പി.എൻ. സന്തോഷ്, കട്ടപ്പന വിദ്യാഭ്യാസ കോ ഓർഡിനേറ്റർ റെയ്‌സൺ പി. ജോസഫ് എന്നിവർ നേതൃത്വം നൽകി. ജെ.ആർ.സി. ഉപജില്ല കോ ഓർഡിനേറ്റർമാരായ ജ്യോതി പി. നായർ, അനീഷ് കുര്യൻ, പ്രജിത എൻ, ജിജിമോൻ ഇ.കെ., കൊച്ചുറാണി ജോർജ്, ശിവകുമാർ.ടി., രജനി.ടി. എന്നിവർ സബ്ജില്ലാ കേന്ദ്രങ്ങളിലെ പരിപാടികൾക്ക് അദ്ധ്യക്ഷത വഹിച്ചു.