തൊടുപുഴ: ഒന്നു പരിഗണിച്ചു, അത്രേ ഉണ്ടായുള്ളു, അതോടെ സ്ഥാനാർത്ഥി കുപ്പായം തൈപ്പിച്ചവർ വലിയ പ്രശ്നക്കാരായി മാറിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് കാലത്തെ വിമതൻമാരെക്കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് വിവിധ പാർട്ടികൾ. അതിന് മുന്നണിഭേദമൊന്നുമില്ല. ഇതുവരെ തങ്ങളുടെ എല്ലാമെല്ലാമായിരുന്ന പ്രവർത്തകനെ പാർട്ടിവിരുദ്ധപ്രവർത്തനത്തിന് പുറത്താക്കിയെന്ന് പത്രക്കുറുപ്പ് ഇറക്കേണ്ട അവസ്ഥ, അതും എല്ലാ ദിവസവും ഓരോരുത്തരെയെങ്കിലും പുറത്താക്കേണ്ടിവരുന്നത് തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കിടയിൽ ചില്ലറ പൊല്ളാപ്പല്ല പാർട്ടി നേതൃത്വങ്ങൾക്കുണ്ടാക്കുന്നത്.

തിരഞ്ഞെടുപ്പ് അടുത്തപ്പോൾ മുന്നൊരുക്കമെന്ന നിലയിൽ വാർഡുകളിലേയ്ക്ക് പറ്റിയ സ്ഥാനാർത്ഥികളെക്കുറിച്ച് എല്ലാ പാർട്ടികളും ആലോചനകൾ നടത്തി. പല പേരുകൾ വന്നു. അതൊക്കെ നാട്ടിൽ പ്രചരിക്കുകയും ചെയ്യുക സ്വാഭാവികം, എന്നാൽ പലപേരുകളിൽ ഒരാളെ തീരുമാനിച്ചതോടെ പലയിടങ്ങളിലും കളിമാറി. അത് വരെ പാർലിമെന്ററി വ്യാമോഹങ്ങൾക്ക് അടിപ്പെടാതിരുന്ന പലരും ഒന്ന് മത്സരിക്കാൻ മോഹം കാട്ടിത്തുടങ്ങി. ചിലയിടങ്ങളിൽ മുന്നണികളിൽ സീറ്റ് ചർച്ചകൾക്കിടയിൽ വെച്ച്മാറലുകൾ നടന്നപ്പോഴും നേരത്തേ തീരുമാനിച്ചിരുന്ന സ്ഥാനാർത്ഥികൾ പാറപോലെ ഉറച്ച് നിൽക്കുന്ന സാഹചര്യവുമുണ്ടായി. വോട്ട്പിടുത്തം വരെ ആരംഭിച്ചപ്പോൾ മാറിക്കൊടുക്കേണ്ട അവസ്ഥയുണ്ടായപ്പോഴും അച്ചടക്കമുള്ള പാർട്ടിപ്രവർത്തകർ പാർട്ടി നിർദേശം പാലിക്കാൻ മടികാണിച്ചില്ല. എന്നാൽ വീട്ടുകാരുടെയും നാട്ടുകാരുടെയും മുന്നിൽ താൻ അപമാനിതനായെന്ന തോന്നൽ ചുരുക്കം ചില സ്ഥാനാർത്ഥികൾക്കുണ്ടായി. ചിലരെ മനപ്പൂർവ്വം ഒഴിവാക്കിയതാണെന്നതും അതിനായി ശത്രുക്കൾ ചരട് വലിച്ചതുമൊക്കെ വ്യക്തമായതും റിബലുകൾ കൂടാൻ ഇടവരുത്തിയിട്ടുണ്ട്. പത്രിക പിൻവലിക്കുന്ന ദിവസംവരെ അനുനയിപ്പിക്കലും വാഗ്ദാനങ്ങളുമൊക്കെ നടത്തി വഴങ്ങാത്തവരെ പുറത്താക്കുന്ന നടപടികൾ ഇപ്പോൾ തകൃതിയായി നടക്കുകയാണ്. വമ്പൻമാർ മുതൽ താഴെത്തട്ടിൽ പ്രവർത്തിച്ചിരുന്നവരുമടക്കമുള്ള വിമതരെ പാർട്ടിയിൽ നിന്ന് പുറത്താക്കാനുള്ള പരിപാടിയാണ് ഇപ്പോൾ നടന്ന് വരുന്നത്. ഇതിന് പുറമെ വിമതരെ പ്രോത്സാഹിപ്പിക്കുന്നതായി ചില പ്രാദേശിക നേതാക്കൾക്കെതിരെ ആരോപണം ഉണ്ടായതും അച്ചടക്കത്തിന്റെ വാളിന് ഇരയാകാൻ കാരണമായിട്ടുണ്ട്. എന്നാൽ പല പുറത്താക്കലിനും തിരഞ്ഞെടുപ്പ് കഴിയുംവരെയേ ആയുസുള്ളൂവെന്നത് ഇതുവരെയുള്ള അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.