തൊടുപുഴ: ഇടതുപക്ഷവും വലതുപക്ഷവും ജനങ്ങളിൽ നിന്ന് അകന്നതായി മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ. എൻ.ഡി.എയുടെ തൊടുപുഴ നിയോജകമണ്ഡലത്തിന് കീഴിലുള്ള നഗരസഭയിലെയും പഞ്ചായത്തുകളിലെയും സ്ഥാനാർത്ഥി സംഗമവും തിരഞ്ഞെടുപ്പ് കൺവെൻഷനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വന്തം അണികൾക്ക് ചിഹ്നത്തിൽ പോലും മത്സരിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഇടതുപക്ഷവും വലതു പക്ഷവും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനക്ഷേമപരമായ വികസന കാഴ്ചപ്പാടിൽ അമ്പരന്ന് ഇരിക്കുകയാണ് കേരളത്തിലെ ഇടതു വലതു മുന്നണികൾ. ഇത്തവണത്തെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ വൻ വിജയം കരസ്ഥമാക്കുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി, നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറം, സംസ്ഥാന സമിതി അംഗം പി.പി. സാനു തുടങ്ങിയവർ സംസാരിച്ചു.