തൊടുപുഴ: പരീക്ഷയും പഞ്ചായത്ത് തിരഞ്ഞെടുപ്പും തമ്മിൽ എന്ത് ബന്ധം? ഒരു ബന്ധവുമില്ല എന്ന് തന്നെയാണ് എം. ജി സർവ്വകലാശാല അധികൃതരും കഴിഞ്ഞ ദിവസം വരെ കരുതിയത്. അത്കൊണ്ട് തന്നെ പതിവ് രീതിയിൽ യൂണിവേഴ്സിറ്റിയുടെ ബിരുദ, ബിരുദാനന്തര പരീക്ഷകളും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ തലേന്നും ഫലപ്രഖ്യാപന ദിവസത്തിലുമൊക്കെ നടത്തുന്നതിന് ടൈം ടേബിളും ഇട്ടു. യുവാക്കൾ തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ സജീവമായി പങ്കെടുക്കുന്നവരാണെന്ന് യൂണിവേഴ്സിറ്റി ശ്രദ്ധിക്കാതെപോയി. വിദ്യാർത്ഥികൾ വോട്ടർമാർ മാത്രമല്ല അവരിൽ സ്ഥാനാർത്ഥികൾ ഏറെയുണ്ട് എന്നതും യൂണിവേഴ്സിറ്റി അറിയാതെപോയി. ഇക്കാര്യം വ്യക്തമായതോടെ തിരഞ്ഞെടുപ്പിനെ സാരമായി ബാധിക്കുന്ന പരീക്ഷകൾ മാറ്റിവയ്ക്കാൻ യൂണിവേഴ്സിറ്റി നിർബന്ധിതരായി. മൂന്ന് ഘട്ടമായി ഡിസംബർ എട്ട്, പത്ത് പതിനാല് തിയതികളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. എം. ജി യൂണിവേഴ്സിറ്റിയുടെ പരിധിയിൽ വരുന്ന ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഡിസംബർ എട്ടിനും കോട്ടയം,എറണാകുളം,ജില്ലകളിൽ ഡിസംബർ പത്തിനുമാണ് തദ്ദേശ തിരഞ്ഞെടുപ്പ് . പ്രൈവറ്റായി പഠിക്കുന്നവരിൽ മറ്റ് ജില്ലക്കാർ ഏറെയുണ്ട്. അവർ മൂന്ന് ഘട്ടങ്ങളിലും തിരഞ്ഞെടുപ്പിൽ പെടുന്നവരാണ്. എം. ജി. യൂണിവേഴ്സിറ്റിയുടെ പരീക്ഷാ ടൈംടേബിളിൽ ഡിസംബർ ഏഴിനും പരീക്ഷ നശ്ഛയിച്ചിരുന്നു. എന്നുവച്ചാൽ തിരഞ്ഞെടുപ്പിന്റെ തലേദിവസവും പരീക്ഷയുണ്ട്. അത്പോലെ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാന ദിവസമായ ഡിസംബർ പതിനാറിനും പരീക്ഷ. ഇത് സ്ഥാനാർത്ഥികളെ ചില്ലറയൊന്നുമല്ല വലയ്ക്കുന്നതെന്ന് യൂണിവേഴ്സിറ്റിയ്ക്ക് ബോദ്ധ്യമായതോടെ ഡിസംബർ ഏഴ് മുതൽ പതിനാറ് വരെയുള്ള പരീക്ഷകൾ മാറ്റിവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. ഇപ്പോൾ നടന്നുവരുന്ന പരീക്ഷകളിൽ തിരഞ്ഞെടുപ്പ് പ്രചരണച്ചൂടിനിടയിലും സമയം കണ്ടെത്തി സ്ഥാനാർത്ഥികൾ ഹാജരാകുന്നുണ്ട്.