തൊടുപുഴ : പാർട്ടി ചിഹ്നം വെറുക്കപ്പെട്ട ചിഹ്നമായി മാറിയതാണ് സി.പി.എം.നേരിടുന്ന വെല്ലുവിളിയെന്ന്കെ പിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.തൊടുപുഴ പ്രസ് ക്ലബിൽ നടന്ന മീറ്റ് ദ പ്രസ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.

സിപിഎം സ്വത്വ പ്രതിസന്ധി നേരിടുകയാണ്.തൊടുപുഴ മുനിസിപ്പാലിറ്റിയിൽ 35 വാർഡിൽ ഒരു വാർഡിൽ മാത്രമാണ് പാർട്ടി ചിഹ്നമായ അരിവാൾ ചുറ്റിക ചിഹ്നത്തിൽ സിപിഎം മൽസരിക്കുന്നത്. ഇതിലൂടെ അവരുടെ സ്വത്വ പ്രതിസന്ധിയാണ് വ്യക്തമാകുന്നത്. എല്ലവരിലും വിവേചനം കാണിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത്. പശ്ചിമ ബംഗാളിലും, തൃപുരയിലും ഇപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥിതിയെന്താണ്. ഭാരത്തിലെ ഏക തുരുത്തായ കേരളത്തിൽ മാത്രമാണ് ഇപ്പോൾ സിപിഎം ഉള്ളത്.
ഇടുക്കി ജില്ലയിൽ കർഷകർ ദുഖിതരാണ്. പ്രളയവും കൊവിഡ് മൂലവും വില തകർച്ച മൂലവും കടക്കെണിയിലാണ്. ഋണബാദ്ധ്യതയിൽ കർഷകർ ആത്മഹത്യ ചെയ്യുന്ന ദയനീയമായ കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ കർഷകർക്കുവേണ്ടി ചെറുവിരൽ അനക്കുന്നില്ല.കർഷകരോട് വോട്ട് ചോദിക്കാൻ ഇടതു പാർട്ടികൾക്ക് അർഹതയില്ല.

കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാർ റബ്ബർ വില സ്ഥിരതാ ഫണ്ടിനായി 500 കോടി രൂപ ചെലവാക്കിയിരുന്നു. 150 രൂപ തറവില പ്രഖ്യാപിച്ചത് യുഡിഎഫാണ്.പെട്ടിമുടിയിലെ ദുരിത ബാധിതരായ എല്ലവർക്കും വീടും സ്ഥലവും ഉചിതമായ നഷ്ടപരിഹാരവും നൽകാൻ സാധിച്ചിട്ടില്ല.തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി പച്ചതൊടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

പ്രസ് ക്ലബ് പ്രസിഡന്റ് എം എൻ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വിനോദ് കണ്ണോളി സ്വാഗതം പറഞ്ഞു..

മീറ്റ് ദ പ്രസ് പരിപാടിയിൽ ഡീൻ കുര്യാക്കോസ് എം. പി, ഡിസിസി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ, റോയി കെ പൗലോസ്, മാത്യു കുഴൻനാടൻ. അഡ്വ. എസ് അശോകൻ, ജാഫർഖാൻ മുഹമ്മദ് തുടങ്ങിയവർപങ്കെടുത്തു.