ഇടുക്കി : പരമ്പരാഗത കാനന പാത അടച്ചതിൽ പ്രേതിഷേധിച്ചു മല അരയ സമൂഹം പൈതൃക സംരക്ഷണ പ്രയാണം ആരംഭിച്ചു. മല അരയ സമുദായത്തിലെ പിതാക്കന്മാർ അന്ത്യ വിശ്രമം കൊള്ളുന്ന, നിരവധി ആരാധനാ കേന്ദ്രങ്ങൾ ഉൾപ്പെടുന്ന മുക്കുഴി, ഇഞ്ചിപ്പാറമല, പുതുശ്ശേരി, കാളകെട്ടി, കരിമല എന്നിവിടങ്ങളിലെക്കുള്ള പ്രവേശനം നിഷേധിച്ചതിൽ ഗൂഢാലോചനയാണെന്നും, പൈതൃക ഭൂമിയിലൂടെയുള്ള തീർത്ഥാടനതിന്റെ പ്രസക്തി പാത അടച്ചതോടെ നഷ്ടമായെന്നും ഐക്യ മലഅരയ മഹാ സഭ ഭാരവാഹികൾ പറഞ്ഞു. പാത തുറക്കുന്നത് വരെയുള്ള ശക്തമായ പ്രക്ഷോഭ നടപടികൾക്കാണ് ഐക്യ മല അരയ മഹാ സഭയും, മല അരയരുടെ ആത്മീയ പ്രസ്ഥാനമായ അയ്യപ്പ ധർമ്മ സംഘവും, സഭയുടെ പോഷക സംഘടനകളും രൂപം നൽകിയിരിക്കുന്നത്. പൈതൃക സംരക്ഷണ പ്രയാണം കരിമലയുടെ അടിവാരമായ കൊമ്പുകുത്തിയിൽ നിന്ന് ആരംഭിച്ചു. ഐക്യ മല അരയ മഹാ സഭ സംസ്ഥാന പ്രസിഡന്റ് സി ആർ ദിലീപ്കുമാർ, ജനറൽ സെക്രട്ടറി പി കെ സജീവ്, ശ്രീ അയ്യപ്പ ധർമ്മ സംഘം പ്രെസിഡന്റ് വി പി രാജപ്പൻ, ജനറൽ സെക്രട്ടറി കെ എൻ പദ്മനാഭൻ തുടങ്ങിയവർ പ്രയാണത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. ഇന്ന് വൈകിട്ട് പ്രയാണം ശ്രീ ശബരീശ കോളേജിൽ സമാപിക്കും. നാളെ രാവിലെ പുഞ്ചവയലിൽ ആരംഭിക്കും. പൊന്നമ്പലമേട്ടിൽ അവസാനം വിളക്ക് തെളിയിച്ച പുത്തൻവീട്ടിൽ കുഞ്ഞന്റെ മകൻ അയ്യപ്പന്റെ ഭാര്യ രാജമ്മ അയ്യപ്പൻ ദീപം പകരും. 30 ന് മുക്കുഴിയിൽ എത്തിച്ചേരുന്ന പ്രയാണത്തെതുടർന്നുള്ള സമ്മേളനം ദളിത് ആദിവാസി മഹാ സഖ്യം ദേശീയ രക്ഷാധികാരി പി രാമഭദ്രൻ ഉദ്ഘാടനം ചെയ്യും. അഖില കേരള ഹിന്ദു മഹാ സഭ സംസ്ഥാന പ്രെസിഡന്റ് അഡ്വ വി ആർ രാജു, പി ആർ ഡി എസ് സെക്രട്ടറി കെ ടി വിജയൻ, സിദ്ധനർ സർവീസ് സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി കെ രവികുമാർ, വേടർ സമാജം സംസ്ഥാന ജനറൽ സെക്രട്ടറി പട്ടംതുരുത്തു ബാബു തുടങ്ങിയ ദളിത് ആദിവാസി നേതാക്കൾ പ്രയാണത്തെ അഭിസംബോധന ചെയ്തു സംസാരിക്കും. പ്രയാണത്തെ തുടർന്ന് സ്വാമിമാർ ഇരുമുടി കെട്ടുമായി കാനന പാതയിലൂടെ യാത്ര ചെയ്തു വിലക്ക് ലംഘിച്ചു ശബരീശ ദർശനം നടത്തും.