പീരുമേട്: സിഎം രവീന്ദ്രന്റെ ചോദ്യം ചെയ്യൽ വൈകിക്കുന്നത് മുഖ്യമന്ത്രിയെ രക്ഷിക്കാനാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. രവീന്ദ്രൻ അന്വേഷണ ഏജൻസികൾക്ക് മുന്നിൽ എത്തിയാൽ മുഖ്യമന്ത്രിയുടെ പങ്കാളിത്തം പുറത്തുവരുമെന്ന് അറിയാവുന്നത് കൊണ്ടാണ് ആരോഗ്യവകുപ്പ് അന്വേഷണത്തിന് തടസം നിൽക്കുന്നത്. എം.ശിവശങ്കരന്റെ കാര്യത്തിലും ആരോഗ്യവകുപ്പിന്റെ ഇടപെടലുകളുണ്ടായിട്ടുണ്ടെന്ന് പീരുമേട്ടിൽ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കള്ളക്കടത്തുകാരെ സംരക്ഷിക്കാൻ മെഡിക്കൽ കോളേജുകളെ വരെ ഉപയോഗിക്കുകയാണ് സർക്കാർ. സി.എം രവീന്ദ്രന് കൊവിഡ് പൊസിറ്റീവ് സ്ഥിരീകരിച്ചത് എവിടെ നിന്നാണെന്ന് ആർക്കും അറിയില്ല. എന്തുകൊണ്ട് ഒപ്പമുള്ളവർ ക്വേറന്റയിനിൽ പോയില്ല എന്നതിനും ഉത്തരമില്ല. ഇപ്പോൾ മുഖ്യമന്ത്രിയെ കുറിച്ച് സംശയം പൊതുസമൂഹത്തിനും മാദ്ധ്യമങ്ങൾക്കും മാത്രമല്ല സിപിഎമ്മിന് അകത്തും ഉണ്ട്. സ്വന്തം പാർട്ടിക്ക് അകത്തും വിശ്വാസത നഷ്ടപ്പെട്ട മുഖ്യമന്ത്രി രാജിവെക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. പിണറായി വിജയൻ നിയമലംഘനങ്ങൾക്ക് കൂട്ടുനിൽക്കുകയാണ്. കിഫ്ബിയുമായി ബന്ധപ്പെട്ട രവീന്ദ്രന്റെയും ശിവശങ്കരന്റെയും ഇടപാടുകൾ പരിശോധിക്കണം. അഴിമതിക്കെതിരെ ശബ്ദമുയർത്താൻ ബി.ജെ.പിക്ക് മാത്രമേ അർഹതയുള്ളൂ. രണ്ട് മുന്നണികളും അഴിമതിയുടെ കാര്യത്തിൽ ഒരേതൂവൽ പക്ഷികളാണ്.
യുഡി.എഫ് എല്ലാ ജനാധിപത്യ മര്യാദകളും ലംഘിച്ച് ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകൂടുന്നു. തീവ്രവാദ സ്വഭാവമുള്ള സംഘടനയായ ജമാഅത്തെ ഇസ്ലാമി രാജ്യത്തിനകത്തും പുറത്തും ഹിന്ദുക്കൾക്കും ക്രൈസ്തവർക്കുമെതിരെ അക്രമം നടത്തുന്നവരാണ്. ലൗജിഹാദ് പോലുള്ള വിധ്വംസന പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കുകയാണ് കോൺഗ്രസ് ചെയ്യുന്നത്. ഈ കാര്യത്തിൽ മുല്ലപ്പള്ളി രാമചന്ദ്രൻ നാടകം നിർത്തി നിലപാട് വ്യക്തമാക്കണം. കോൺഗ്രസ് കേന്ദ്ര നേതൃത്വവും നിലപാട് പറയണം. ഇടുക്കിയിലെ ഭൂമി പ്രശ്‌നം പരിഹരിക്കാതെ ജനങ്ങളെ കബളിപ്പിക്കുകയാണ് യു.ഡി.എഫും എൽ.ഡി.ഫും ചെയ്യുന്നത്. ജില്ലയിൽ ഇത്തവണ എൻ.ഡി.എ വലിയ നേട്ടമുണ്ടാക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.