മൂലമറ്റം: ജില്ലയിലെ ഭൂ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് എൽ.ഡി.എഫ് സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കുറ്റപ്പെടുത്തി. കോളപ്രയിൽ ജില്ലാ പഞ്ചായത്ത് മൂലമറ്റം ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർഥി പ്രഫ. എം.ജെ ജേക്കബിന്റെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ യു.ഡി.എഫ് അനുകൂല തരംഗമാണ് കേരളത്തിൽ ഉള്ളതെന്നും മുല്ലപ്പള്ളി പറഞ്ഞു. ഡിവിഷൻ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം.കെ പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ്. അശോകൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി റോയി കെ.പൗലോസ്, എ.ഐ.സി.സി അംഗം ഇ.എം ആഗസ്തി, അഡ്വ. ജോസി ജേക്കബ്, ജോസ് മാത്യു തുടങ്ങിയവർ പങ്കെടുത്തു.