ചെറുതോണി: പൊലീസ് മർദ്ദിച്ചതായി കാണിച്ച് ഇടുക്കി മെഡിക്കൽ കോളേജിൽ ചികത്സ തേടി എത്തിയ യുവാവിനെ ആന്റിജൻ പരിശോധനയിലൂടെ കൊവിഡ് സ്ഥിരീകരിച്ചു. ഇടുക്കി വാഴത്തോപ്പ് സ്വദേശിയായ പൊതുപ്രവർത്തകനാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം ഇദ്ദേഹം വാഹനമോടിച്ചു വരുമ്പോൾ പൊലീസ് കൈകാണിച്ചു നിർത്തുകയും ഹെൽമറ്റ് വയ്ക്കാത്തതിനെ തുടർന്ന് വാക്കേറ്റമുണ്ടാക്കുകയും ഇടുക്കി എസ് ഐ ആക്രമിച്ചു എന്നുമാരോപിച്ചാണ് ആശുപത്രിയിൽ എത്തിയത്. എന്നാൽ ആശുപത്രിയിൽ അഡ്മിറ്റ് ആകണമെങ്കിൽ കൊവി ഡ് പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഡോക്ടറുടെ നിർദേശത്തെ തുടർന്നാണ് സ്രവ പരിശോധന നടത്തിയത്. എന്നാൽ എസ് ഐ ആക്രമിച്ചു എന്നത് കെട്ടുകഥയാണെന്ന് പൊലീസ് വ്യക്തമാക്കി. വീട്ടുമുറ്റത്ത് പാർക്കുചെയ്തിരുന്ന ഇയാളുടെ സ്‌കൂട്ടർ പൊലീസ് വാഹനത്തിൽ കയറ്റികൊണ്ടുപോയതായി ഇടുക്കി സി ഐക്ക് പരാതി ലഭിച്ചു. ഇതുസംബന്ധിച്ച് മരിയാപുരം പി.എച്ച്.സിയിലെ നഴ്‌സ് കൂടിയായ ഇദ്ദേഹത്തിന്റെ ഭാര്യയാണ് ഇടുക്കിസി.ഐക്ക് പരാതി നൽകിയത്. എന്നാൽ വാഹന പരിശോധനക്കായി പൊലീസ് കൈകാണിച്ചപ്പോൾ നിർത്താതെപോയ സ്‌കൂട്ടർ കസ്റ്റഡിടിലെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞൂ. വാഹനത്തിന്റെ രേഖകളും, പേരുവിവരങ്ങളും നൽകാത്തതിനാലാണ് സ്‌കൂട്ടർ കസ്റ്റടിയിലെടുത്തതെന്നും രേഖകൾ കാണിച്ചാൽ വാഹനം തിരികെ നൽകുമെന്നും സി.ഐ അറിയിച്ചു.