തൊടുപുഴ: അപകടത്തിൽ പരിക്കേറ്റ് വാഹനം കിട്ടാതെ വിഷമിച്ചവർക്ക് തുണയായി ഡീൻ കുര്യാക്കോസ് എംപി. കാർ നിയന്ത്രണം വിട്ട് തിട്ടയിൽ ഇടിച്ചു കയറി സാരമായി പരിക്കേറ്റ യാത്രക്കാർക്കാണ് എംപിയുടെ സഹായഹസ്തമെത്തിയത്. തൊടുപുഴ മൂലമറ്റം റൂട്ടിൽ മലങ്കര പാലത്തിനു സമീപം ഇന്നലെ 4.45 ഓടെയായിരുന്നു സംഭവം. കോളപ്രയിലെ തെരഞ്ഞെടുപ്പ് യോഗത്തിനു ശേഷം മ്രാലയിലെ യോഗത്തിൽ പങ്കെടുക്കാൻ വരികയായിരുന്നു എംപി. ഇതിനിടെയാണ് കാർ അപകടത്തിൽപെട്ടു കിടക്കുന്നത് കണ്ടത്. കാറിലുണ്ടായിരുന്നു നാലു പേരും പരിക്കേറ്റ് റോഡരികിൽ നിൽക്കുകയായിരുന്നു. പല വാഹനങ്ങളും കൈ കാണിച്ചിട്ടും നിർത്താതെ പോകുന്നതിനിടെയാണ് എംപിയുടെ വാഹനം എത്തിയത്. പിന്നീട് തന്റെ വാഹനത്തിൽ പരിക്കേറ്റവരെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാൻ ഡീൻ കുര്യാക്കോസ് ഒപ്പമുണ്ടായിരുന്നവർക്ക് നിർദേശം നൽകി. തുടർന്ന് മറ്റൊരു വാഹനം വരുത്തി യോഗ സ്ഥലത്തേക്ക് എംപി യാത്രയായി. മുട്ടം കന്യാമല സ്വദേശികളായ ലിസി (50), ആലീസ് (60), ഗ്രേസി (55) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവരെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.