വോട്ടിന് ഇനി എട്ട് നാൾ
തൊടുപുഴ: തദ്ദേശ തിരഞ്ഞെടുപ്പിന് ഇനി ഒരാഴ്ച മാത്രം ശേഷിക്കെ ഓരോ വോട്ടും പെട്ടിയിലാക്കാനായി വമ്പിച്ച പ്രചാരണത്തിലാണ് മുന്നണികൾ. പോസ്റ്റർ, നോട്ടീസ്, ഫ്ലക്സ് തുടങ്ങിയവയിലെല്ലാം മറ്റ് സ്ഥാനാർത്ഥികളെ പിന്നിലാക്കാനാണ് ശ്രമം. ഇങ്ങനെ പ്രചാരണം കൊഴുപ്പിക്കുന്നതിന് പണമാണ് വലിയ വെല്ലുവിളി. ചിഹ്നം പതിച്ച പോസ്റ്റർ, ഫോട്ടോയുള്ള ഫ്ളെക്‌സ്, നോട്ടീസ്, ചുവരെഴുത്ത്, കൊടി, തോരണം, മാസ്‌ക്, മൈക്ക് അനൗൺസ്‌മെന്റ്, പ്രചരണ വാഹനങ്ങൾ തുടങ്ങി പ്രാഥമിക പ്രചരണ സാമഗ്രികൾക്ക് തന്നെ വലിയ ചിലവുണ്ട്. ഇതിന് പുറമെയാണ് ദിവസേനെയുള്ള ഹോം സ്‌ക്വാഡ്, കുടുംബ യോഗങ്ങൾ, ബൂത്ത് കൺവെൻഷനുകൾ, ബൂത്ത് കമ്മിറ്റി ഓഫീസ് പ്രവർത്തനം തുടങ്ങിയ ചെലവുകൾ. കൊവിഡായതിനാൽ ഇത്തവണ പഴയപോലെ പിരിവ് വലിയ തോതിൽ നടന്നില്ല. ഇനിയുള്ള ദിവസങ്ങളിൽ പ്രചാരണത്തിൽ ഒരിഞ്ച് പിന്നോട്ട് പോകാതെ ഇടിച്ച് നിന്നേ പറ്റൂ. ഇതിന് പണം കണ്ടെത്താനുള്ള ഓട്ട പാച്ചിലിലാണ് സ്ഥാനാർത്ഥികളും പാർട്ടികളും.
ലക്ഷങ്ങൾ വേണം
ഒരു പഞ്ചായത്ത് വാർഡിൽ തരക്കേടില്ലാത്ത പ്രചാരണം നടത്തി എല്ലായിടത്തും മുഖം കാണിക്കണമെങ്കിൽ തന്നെ കുറഞ്ഞത് രണ്ട് ലക്ഷം രൂപ ഇല്ലാതെ തരമില്ല. കടുത്ത മത്സരം നടക്കുന്നയിടങ്ങളിൽ തുക വൻ തോതിൽ ഉയരും. ഒരു പഞ്ചായത്തിന്റെ പകുതിയിലേറെ വാർഡുകൾ ഉൾപ്പെടുന്ന ബ്ലോക്ക് പഞ്ചായത്ത് സീറ്റുകളിലും ഒരു നിയമസഭാ മണ്ഡലത്തിന്റെ പകുതിയോളം വരുന്ന ജില്ലാ പഞ്ചായത്ത് സീറ്റുകളിലും പ്രചാരണത്തിന് ലക്ഷങ്ങൾ ചിലവഴിക്കേണ്ടി വരും. എന്നാൽ തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ച തുകയിൽ കണക്കൊപ്പിക്കുകയും വേണം. ഇതാണ് മറ്റൊരു വെല്ലുവിളി.
നിയമപരമായി ചെലവാക്കാവുന്ന തുക
പഞ്ചായത്ത് വാർഡുകൾ: 25,000 രൂപ
ബ്ലോക്ക്, നഗരസഭ: 75,000 രൂപ
ജില്ലാ പഞ്ചായത്ത്: 1.5 ലക്ഷം
എല്ലാം ഒരാൾ കാണുന്നുണ്ട്
പണമിറക്കി വോട്ടർമാരുടെ മനസിളക്കാൻ ശ്രമിക്കുന്ന സ്ഥാനാർത്ഥികളെ കുടുക്കാൻ തിരഞ്ഞെടുപ്പ് നിരീക്ഷകർ സജീവമാണ്. പോസ്റ്ററുകളും ബോർഡുകളും എണ്ണി നിരീക്ഷകർ പൂർണസമയം ജില്ലയിൽ തന്നെയുണ്ടാകും. പോസ്റ്ററുകൾ എണ്ണുന്നതിനൊപ്പം അച്ചടിച്ച പ്രസുകളുടെ വിവരവും ശേഖരിക്കുന്നുണ്ട്. പല പോസ്റ്ററുകളിലും 250, 500 എന്നിങ്ങനെയാണ് കോപ്പികളുടെ എണ്ണം രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ശരിയാണോയെന്ന് പ്രസുകളിലെത്തി രേഖകളുമായി ഒത്തുനോക്കും.
പിന്നീട് ചെലവ് കണക്ക് നൽകുമ്പോൾ വിവരങ്ങൾ തെറ്റാണെങ്കിൽ തിരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോർട്ട് നൽകും. വിശദീകരണം തൃപ്തികരമല്ലെങ്കിൽ ജയിക്കുന്നവർ അയോഗ്യരാക്കപ്പെടും. തോൽക്കുന്നവർക്കും ഭാവിയിൽ കുരുക്കുകൾ അഴിക്കേണ്ടി വരും. വോട്ടർമാർക്ക് പണം നൽകി സ്വാധീനിക്കാനുള്ള നീക്കങ്ങളെ കുറിച്ചും രഹസ്യാന്വേഷണവും നടക്കുന്നുണ്ട്.