ഇടുക്കി: പെരിയാർ കടുവാ സങ്കേതത്തിൽ ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തിയ രണ്ട് മാസം പ്രായമുള്ള കടുവാക്കുഞ്ഞിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. നിലവിൽ രണ്ടു ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘമാണ് ചികിത്സ നൽകുന്നത്. ദേശീയ കടുവാ സംരക്ഷണ അതോറിട്ടിയുടെ മാർഗനിർദേശ പ്രകാരമുള്ള ചികിത്സയും പരിചരണങ്ങളുമാണ് ഉറപ്പാക്കുന്നതെന്നും അധികൃതർ അറിയിച്ചു. പ്രദേശത്ത് സ്ഥാപിച്ച കാമറയിൽ ഒരു പെൺകടുവയുടെ ചിത്രം പതിഞ്ഞെങ്കിലും ഇത് അമ്മക്കടുവയാണെന്ന് ഉറപ്പിക്കാനായിട്ടില്ലെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. ചീഫ് വൈൽഡ് ലൈഫ് വാർഡൻ സരേന്ദ്രകുമാർ ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ഇന്ന് സ്ഥലം സന്ദർശിക്കും.
കുഞ്ഞിനെ തേടി അമ്മ എത്തിയില്ലെങ്കിൽ എന്തു ചെയ്യണമെന്നതടക്കമുള്ള വിഷയങ്ങളിൽ ഇന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ നേതൃത്വത്തിലുള്ള സംഘം തീരുമാനമെടുക്കും. ഈ മാസം 21നാണ് മംഗളാദേവി ക്ഷേത്രത്തിനു സമീപം 60 ദിവസത്തോളം പ്രായമുള്ള പെൺ കടുവക്കുഞ്ഞിനെ പെട്രോളിംഗിനിടെ വനപാലക സംഘം കണ്ടത്. ആദ്യ രണ്ടുദിവസം നിരീക്ഷിച്ചെങ്കിലും കുഞ്ഞിനെ തേടി അമ്മ എത്താതിരുന്നതിനാൽ താൽക്കാലിക സൗകര്യമൊരുക്കി ചികിത്സ നൽകുകയായിരുന്നു.