തൊടുപുഴ: തദ്ദേശതിരഞ്ഞെടുപ്പിന് ഇനി എട്ട് നാളുകൾ മാത്രം ശേഷിക്കുമ്പോഴും ഇതുവരെ പ്രചരണത്തിലെങ്ങും ഉച്ചഭാഷിണിയുടെ ആരവം ഉയർന്നില്ല. സാധാരണ തിരഞ്ഞെടുപ്പുകൾക്ക് രണ്ടാഴ്ച മുമ്പ് തന്നെ മൈക്ക് അനൗൺസ്മെന്റ് ആരംഭിക്കുന്നതാണ്. പക്ഷേ, ഇത്തവണ സ്ഥാനാർത്ഥികൾ ഭവന സന്ദർശനത്തിനും ചുവരെഴുത്ത്, പോസ്റ്റർ, ബാനർ തുടങ്ങിയ പ്രചാരണങ്ങൾക്കുമാണ് മുൻഗണന നൽകുന്നത്. ഇനി അധിക ദിവസമില്ലാത്തതിനാൽ വോട്ട് പിടിത്തം നിശബ്ദ പ്രചാരണത്തിൽ ഒതുങ്ങുമോയെന്ന ആശങ്കയിലാണ് മൈക്ക് സെറ്റുകാർ.
കൊവിഡിനെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതു മുതൽ മൈക്കുകൾ കെട്ടിപ്പൂട്ടി വച്ചതാണ്. അന്ന് മുതൽ ഇവരുടെ ജീവിതം വലിയ ദുരിതത്തിലായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോഴെങ്കിലും ക്ഷീണം മാറുമെന്ന പ്രതീക്ഷയിലായിരുന്നു. കൊവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ കർശന നിബന്ധനകളോടെയാകും മൈക്ക് സെറ്റുകൾക്ക് അനുമതി നൽകുക.
കർശന നിബന്ധനകൾ
വരണാധികാരിയുടെയും പൊലീസിന്റെയും അനുമതി വേണം
പ്രചാരണ വാഹനത്തിന്റെ വിശദാംശങ്ങൾ നൽകണം
കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണം
കണ്ടെയ്ൻമെന്റ്, എഫ്.എൽ.ടി.സി മേഖലകളിൽ നിരോധനം
'ഒമ്പത് മാസമായി മൈക്ക് അനൗൺസ്മെന്റ് മേഖലയിലുള്ളവരുടെ കുടുംബം പട്ടിണിയിലാണ്. ഈ തിരഞ്ഞെടുപ്പ് കൊണ്ട് അതിന്റെ നഷ്ടം നികത്താനാകില്ല. വരുംദിവസങ്ങളിലെങ്കിലും മൈക്ക് അനൗൺസ്‌മെന്റ് തുടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് ഓപ്പറേറ്റർമാർ. "
- ഷാജി (ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ജില്ലാ സെക്രട്ടറി)