തൊടുപുഴ: തിരഞ്ഞടുപ്പ് പ്രചാരണത്തിന് ഇടുക്കിയിലെത്തിയ മുൻ മുഖ്യമന്ത്രി പെരുങ്കള്ളങ്ങൾ പറഞ്ഞ് ജനങ്ങളെ തെറ്റിധരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ പറഞ്ഞു. എൽ.ഡി.എഫ് സർക്കാരിന്റെ കർഷക ദ്രോഹനടപടികൾ എന്തൊക്കെയാണെന്നും യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ കർഷക ക്ഷേമ പെൻഷനുകൾ എന്തൊക്കെയായിരുന്നെന്നും ഉമ്മൻചാണ്ടി വിശദീകരിക്കണം. യു.ഡി.എഫ് സർക്കാർ നൽകിയ പട്ടയം തന്നെയാണ് എൽ.ഡി.എഫ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞത് ആരെ പറ്റിക്കാനാണ്. 1964ലെ ഭൂമി പതിവ് ചട്ടമനുസരിച്ച് കൈവശമുള്ള ഒരേക്കർ ഭൂമിക്ക് മാത്രമേ പട്ടയം നൽകൂവെന്ന് തീരുമാനിച്ചത് ഉമ്മൻചാണ്ടി സർക്കാരാണ്. ഒരു ലക്ഷം രൂപയിൽ കൂടുതൽ വാർഷിക വരുമാനമുള്ളവർക്ക് പട്ടയം നൽകുകയില്ലെന്ന് തീരുമാനിച്ച സർക്കാരാണ് ഉമ്മൻചാണ്ടിയുടേത്. എന്തൊക്കെയാണ് ഉമ്മൻചാണ്ടി സർക്കാർ നടപ്പിലാക്കിയ കർഷക ക്ഷേമ പദ്ധതികളെന്ന് അറിയാൻ താത്പര്യമുണ്ട്. എൽ.ഡി.എഫ് അധികാരത്തിൽ വന്നപ്പോൾ കൈവശമുള്ള നാലേക്കർ ഭൂമിക്ക് വരെ പട്ടയം നൽകാൻ തീരുമാനമെടുത്തു, വരുമാന പരിധി എടുത്തു കളഞ്ഞു, 12 വർഷത്തേക്ക് ഭൂമി കൈമൈറ്റം ചെയ്യാൻ പാടില്ലായെന്ന വ്യവസ്ഥയും എടുത്ത് കളഞ്ഞ് ഉപാധിരഹിത പട്ടയമാണ് ഇപ്പോൾ നൽകുന്നത്. ഇക്കാര്യം മനസിലാക്കാത്ത ആളല്ല മുൻമുഖ്യമന്ത്രി. പച്ചക്കറികൾക്ക് പോലും തറവില നിശ്ചയിക്കുകയും കർഷകക്ഷേമ നിധി ബോർഡിന് രൂപം നൽകുകയും കൃഷിക്കാർക്ക് 1000 രൂപ വരെ പെൻഷൻ നൽകാൻ തീരുമാനിക്കുകയും ചെയ്ത ഇടതുപക്ഷ സർക്കാരാണോ കർഷക ദ്രോഹം നടത്തിയതെന്ന് പറയണം. ജമാ അത്ത് ഇസ്ലാമി പോലുള്ള തീവ്ര മുസ്ലീം സംഘടനകളുമായും ബി.ജെ.പിയുമായും രഹസ്യധാരണ നടത്തുന്ന യു.ഡി.എഫിന്റെ കാപട്യം ജനങ്ങൾ തരിച്ചറിയും. സാമൂഹിക ക്ഷേമ പെൻഷനുകൾ 600 രൂപയിൽ നിന്നും 1400 രൂപയാക്കി ഉയർത്തിയതും കുടിശിഖയില്ലാതെ കൃത്യമായി വിതരണം ചെയ്യുന്നതും യു.ഡി.എഫിന് സഹിക്കാൻ പറ്റുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.