തൊടുപുഴ: കേരളം പിറവിയെടുത്ത ശേഷം ഇത്രയും രൂക്ഷമായ പ്രതിസന്ധി കേരളത്തിൽ ഉണ്ടായിട്ടില്ലെന്ന് കേരളാ കോൺഗ്രസ് (എം) വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ പറഞ്ഞു. അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും അടച്ചുപൂട്ടപ്പെട്ട ചെറുകിട വൻകിട തൊഴിൽ സംരംഭങ്ങളും മഹാമാരി മൂലം തൊഴിൽ നഷ്ടപ്പെട്ട് തിരികെയെത്തിയ പ്രവാസികളും വിലത്തകർച്ചമൂലം പ്രതിസന്ധിയിലായ കർഷകരും കേരളത്തിന്റെ മുമ്പിൽ ചോദ്യചിഹ്നമാവുകയാണ്. വിവിധ മേഖലകളിൽ പണിയെടുക്കുന്ന നൂറ് തൊഴിലാളികൾക്ക് കെ.ടി.യു.സി (എം) ജോസഫ് വിഭാഗത്തിൽ അംഗത്വം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളോട് പ്രതിബദ്ധതയുള്ള ഒരു സർക്കാരിന് മാത്രമേ കേരളത്തിന്റെ സമഗ്ര വികസനം സാദ്ധ്യമാകൂ. വരുന്ന തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ചരിത്ര വിജയം നേടുമെന്നും ജോസഫ് പറഞ്ഞു. യോഗത്തിൽ കെ.ടി.യു.സി (എം) സംസ്ഥാന ജനറൽ സെക്രട്ടറി എ.എസ്. ജയൻ അദ്ധ്യക്ഷനായിരുന്നു. അഡ്വ. ജോസഫ് ജോൺ, അഡ്വ. ജോസി ജേക്കബ്, ഫിലിപ്പ് ചേരിയിൽ, പ്രൊഫ. മെജോ, കുര്യാക്കോസ്, ബിജു ചാക്കോ, പ്രിജിൽ കുര്യൻ, മനോജ് സെബാസ്റ്റ്യൻ, കെ.കെ. ബഷീർ, ബിബിൻ അലക്സ്, അനിൽ ആന്റണി, ഡൊമനിക്, സി.എസ്. ഷൺമുഖൻ, സനൽ, മുരളീധരൻനായർ എന്നിവർ പ്രസംഗിച്ചു.