വാഗമൺ: റോഡരികിലും നീർച്ചാലുകളിലും അലസമായി പ്ലാസ്റ്റിക്കു കൂടുകളിൽ കൂച്ചിക്കെട്ടി വലിച്ചെറിഞ്ഞിരുന്ന പഴയ കാലത്തോട് വാഗമണ്ണും ഏലപ്പാറയും വിട പറയുകയാണ്. ഹരിതകേരളവുമായി കൂട്ടുചേർന്ന് ഏലപ്പാറ പഞ്ചായത്ത് തുടങ്ങിയ വഴികാട്ടാൻ വാഗമൺ പദ്ധതിയുടെ ഭാഗമായി ജൈവ മാലിന്യ സംസ്‌കരണ പ്ലാന്റുകളിലൂടെ ഈ ജൈവമാലിന്യങ്ങൾ ശേഖരിച്ച് സംസ്‌കരിക്കുകയാണ്. ഗുണനിലവാരമുള്ള ജൈവവളമായി ഉടൻ ഇതിനെ വിപണിയിലെത്തിക്കുന്നതിനാണ് ഹരിതകേരളം ലക്ഷ്യമിടുന്നത്. അടുത്ത മാസം പകുതിയോടെ ആദ്യ പ്ലാന്റിൽ നിന്നും ജൈവവളം ലഭിക്കുമെന്ന് ഹരിതകേരളം പ്രവർത്തകർ പറഞ്ഞു. ആദ്യ ഘട്ടത്തിൽ 300 കിലോ ജൈവ വളം വിപണിയിലെത്തിക്കാമെന്നാണ് പ്രതീക്ഷ. വില നിശ്ചയിച്ചിട്ടില്ല. പുതിയ ഭരണസമിതി ചുമതലയേറ്റതിന് ശേഷം ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. ഏലപ്പാറ ടൗണിലെ ചീഞ്ഞ പച്ചക്കറികൾ, ചിക്കൻ സ്റ്റാളുകളിലെ മാലിന്യം , ടൗണിലെ മറ്റ് കടകൾ, വീടുകൾ എന്നിവിടങ്ങളിൽ നിന്നുള്ള ഭക്ഷണാവശിഷ്ടമുൾപ്പടെയുള്ള ജൈവമാലിന്യങ്ങളാണ് ഇവിടെ സുരക്ഷിതമായി സംസ്‌കരിക്കുന്നത്. പഞ്ചായത്തിൽ ജൈവമാലിന്യങ്ങൾ സംസ്‌കരിക്കുന്നതിന് സംവിധാനമില്ലാത്തത് വലിയ പ്രതിസന്ധിയായിരുന്നു സൃഷ്ടിച്ചിരുന്നത്. ഈ പ്രശ്നത്തിനുള്ള പരിഹാരമാണ് ഏലപ്പാറ മാർക്കറ്റിൽ സ്ഥാപിച്ച രണ്ട് തൂമ്പൂർമൂഴി പ്ലാന്റുകളിലൂടെ സാധ്യമാവുന്നത്. ശേഖരിക്കുന്ന ജൈവ മാലിന്യങ്ങൾ നിക്ഷേപിച്ച് അതിനു മുകളിൽ ജൈവ ഇനോക്കുലം തളിച്ച് ദുർഗന്ധമില്ലാതെ സംസ്‌കരിച്ചെടുക്കുന്ന സംവിധാനമാണ് തുമ്പൂർമൂഴി. 500 ടൺ ശേഷിയുള്ള രണ്ട് തുമ്പൂർ മൂഴി പ്ലാന്റുകളാണ് മാർക്കറ്റിൽ സ്ഥാപിച്ചിരിക്കുന്നത്. പ്രതിദിനം 300കിലോ ജൈവമാലിന്യമാണ് ഇപ്പോൾ ലഭിക്കുന്നത്. സൗമ്യ, ലീലാമ്മ, ബിന്ദു സുനിൽ, സിന്ധു ഉണ്ണി എന്നീ നാല് ഹരിതകർമ്മ സേനാംഗങ്ങൾക്കാണ് ഈ പ്ലാന്റുകളുടെയാകെ ചുമതല. വീടുകളിൽ നിന്നും മറ്റ് സ്ഥാപനങ്ങളിൽ നിന്നുമെല്ലാം ജൈവ മാലിന്യം ശേഖരിക്കുന്നതും ഇവർ തന്നെയാണ്.