ഇടുക്കി: ന്യൂനമർദ്ദത്തെ തുടർന്ന് ശക്തമായ ചുഴലിക്കാറ്റ് രൂപം കൊള്ളുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിൽ ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. തെക്കൻ കേരളം ലക്ഷ്യമാക്കി നീങ്ങുന്ന ചുഴലിക്കാറ്റ് വരും ദിനങ്ങളിൽ ഇടുക്കി ജില്ലയിലും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിൽ തയ്യാറെടുപ്പുകൾ പൂർത്തീകരിക്കാൻ ദുരന്ത നിവാരണ അതോറിട്ടി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ വിവിധ സർക്കാർ വകുപ്പുകൾക്കു നിർദേശം നൽകി. നിലവിൽ ഡിസംബർ 2, 3 തീയതികളിൽ ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബർ 2, 3 തീയതികളിൽ മഴ ശക്തിപ്പെട്ടേക്കാവുന്ന സാഹചര്യത്തിൽ രാത്രികാല യാത്ര നിരോധിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ ക്യാമ്പുകൾ സജ്ജമാക്കുന്നത് ഉൾപ്പെടെയുള്ള തയ്യാറെടുപ്പുകൾ നടത്താൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കാറ്റ് ശക്തിപ്പെടുന്ന സഹചര്യത്തിൽ അടച്ചുറപ്പില്ലാത്തതും ശക്തമായ മേൽക്കൂരയില്ലാത്തതുമായ വീടുകളിൽ താമസിക്കുന്നവരെ മാറ്റി പാർപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. സ്ഥിതിഗതികൾ സംസ്ഥാന- ജില്ലാ ദുരന്ത നിവാരണ അതോറിട്ടികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരുന്നതാണ്. ജില്ലാ തലത്തിലും താലൂക്ക് തലത്തിലും കണ്ട്രോൾ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്.