ചെറുതോണി: നോക്കാനാളില്ലാതായതോടെ വാഴത്തോപ്പ് കെ.എസ്.ഇ.ബി കോളനിയിലെ ഒഴിഞ്ഞുകിടക്കുന്ന ക്വാർട്ടേഴ്സുകളിൽ അനധികൃത കൈയേറ്റം വ്യാപകം. കഴിഞ്ഞ പ്രളയക്കെടുതിയിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവരെ താത്കാലികമായി ഇവിടെ താമസിപ്പിച്ചിരുന്നു. ഇതിന്റെ മറവിലാണ് പലരും ക്വാർട്ടേഴ്സുകളിൽ കൈയേറി താമസിക്കുന്നത്. പലരും മറ്റുള്ളവർക്ക് വാടകയ്ക്ക് നൽകിയതായും പരാതിയുണ്ട്. പ്രളയബാധിതർക്കെല്ലാം സ്ഥലം വാങ്ങി വീടുവയ്ക്കുന്നതിന് 10 ലക്ഷം രൂപ വീതം സർക്കാർ നൽകിയിരുന്നു. ഇതനുസരിച്ച് എല്ലാവരും സ്ഥലം വാങ്ങി വീടുവച്ച് താമസമാരംഭിച്ചു. പലർക്കും സന്നദ്ധസംഘടനകളും സൗജന്യമായി വീടുവച്ചു നൽകിയിട്ടുണ്ട്. വാഴത്തോപ്പ് കെ.എസ്.ഇ.ബി കോളനിയിൽ ഇനിയും നൂറുകണക്കിനു ക്വാർട്ടേഴ്സുകൾ ഒഴിഞ്ഞുകിടപ്പുണ്ട്. ഇവിടെയെല്ലാം കൈയേറാനുള്ള നീക്കം നടക്കുന്നുണ്ട്. കെ.എസ്.ഇ.ബിയുടെ കൈവശത്തിലാണ് ഇപ്പോഴും കോളനിയുള്ളത്. ചില കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ കൈയേറ്റത്തിനു കൂട്ടുനിൽക്കുകയാണെന്ന് ആക്ഷേപമുണ്ട്. ഓടകളെല്ലാം അടച്ചതിനാൽ വെള്ളം റോഡിലൂടെ ഒഴുകി കുണ്ടുംകുഴിയുമായി മാറിയിരിക്കുകയാണ്. കൈയേറ്റ സ്ഥലത്തു നിന്നുള്ള മാലിന്യങ്ങൾ റോഡിലേയ്ക്കും സമീപത്തുള്ള പുരയിടത്തേക്കും വലിച്ചെറിയുന്നതും പതിവായിട്ടുണ്ട്.
നോക്കുകയുമില്ല, വിട്ടുംകൊടുക്കില്ല
കോളനി ജില്ലാ പഞ്ചായത്തിനു വിട്ടുകൊടുക്കാൻ സർക്കാർതലത്തിൽ തീരുമാനിച്ചതാണ്. എന്നാൽ കെ.എസ്.ഇ.ബി ഇതിന് തയ്യാറല്ല. വകുപ്പുകൾ തമ്മിലുള്ള തർക്കം മുതലെടുത്താണ് കൈയേറ്റക്കാർ സ്ഥലവും ക്വാർട്ടേഴ്സും കൈവശപ്പെടുത്തുന്നത്. തർക്കം നിലനിൽക്കുന്നതിനാൽ കോളനിയിലെ കാടുകൾ വെട്ടിതെളിയിക്കുകയോ റോഡു നന്നാക്കകയോ ചെയ്യുന്നില്ല. വകുപ്പുകൾ തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിനും അനധികൃത കൈയേറ്റം സംബന്ധിച്ചും പരിസ്ഥിതി സംഘടനകൾ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.