തൊടുപുഴ: ടൗണിൽ ബി.എസ്.എൻഎൽ എക്‌സേഞ്ചിനു സമീപത്തെ കാടു പിടിച്ച സ്ഥലം വൃത്തിയാക്കി ചപ്പുചവറുകൾക്ക് തീയിട്ടത് പടർന്ന് പിടിച്ചത് പരിഭ്രാന്തി പരത്തി. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം. ബംഗ്ലാംകുന്നിലുള്ള ബി.എസ്.എൻ.എൽ ടൗൺ എക്‌സേഞ്ചിനു പിന്നിലുള്ള സ്ഥലത്താണ് കാടു വെട്ടിത്തെളിച്ച് തൊഴിലാളികൾ തീയിട്ടത്. ഇതിനിടെ എക്‌സേഞ്ചിൽ നിന്നും പുറന്തള്ളിയിരുന്ന റബർ, പ്ലാസ്റ്റിക് മാലിന്യങ്ങളിലേക്കും തീ പടർന്നതോടെ വലിയ പുക ഉയർന്നു. സമീപത്ത് കൂറ്റൻ ടവറും ഉണ്ടായിരുന്നതിനാൽ പരിസരവാസികൾ ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. ഫയർഫോഴ്‌സ് എത്തി ടവറിന്റെ കേബിളിലേക്കും മറ്റും തീ പടരാതെ നിയന്ത്രണവിധേയമാക്കി. കേബിളിലേക്ക് തീ പടർന്നിരുന്നെങ്കിൽ ലക്ഷങ്ങളുടെ നഷ്ടം സംഭവിക്കുമായിരുന്നു.