മറയൂർ: മറയൂർ ചന്ദനക്കാടുകളിൽ നിന്ന് മോഷ്ടിച്ച് കടത്താൻ ശ്രമിച്ച ലക്ഷങ്ങൾ വിലമതിക്കുന്ന ചന്ദനവേരുമായി തമിഴ്നാട് സ്വദേശിയായ യുവാവ് പിടിയിൽ. സേലം കല്ലകുടിച്ചി ജില്ലയിൽ മണിയറംപാളയം സ്വദേശി ആർ. ശക്തിവേലാണ് (30) പിടിയിലായത്. ഇയാളിൽ നിന്ന് 60 കിലോയോളം വരുന്ന ചന്ദനവേരുകളും ആയുധങ്ങളും പിടികൂടി. നാച്ചിവയൽ റിസർവിലെ അമ്പലപ്പാറ ഭാഗത്ത് നിന്ന് കഴിഞ്ഞ ആഴ്ച ചന്ദനം മോഷണം പോയതായി വനപാലകർ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരവികുളം നാഷണൽ പാർക്ക് അതിർത്തിയിൽ വെച്ച് ചന്ദനവുമായി പ്രതിയെ പിടികൂടിയത്. ഒപ്പമുണ്ടായിരുന്ന നാലുപേർ ഓടി രക്ഷപ്പെട്ടു.