mayyil
മയ്യിൽ പഞ്ചായത്തിൽ നെൽകൃഷിക്കായി നിലമൊരുക്കുന്നു

കണ്ണൂർ: കണ്ണൂരിന്റെ നെല്ലറയെന്നു പേരു കേട്ട മയ്യിൽ നെൽ കൃഷിയുടെ രണ്ടാംഘട്ട നടീലിനൊരുങ്ങി. ഒന്നാം ഘട്ടം വിജയിച്ചതിന്റെ ആവേശത്തിൽ ഇവിടെ എല്ലാവരും പാടത്തിറങ്ങിയിരിക്കയാണ്. വിദ്യാർത്ഥികൾ മുതൽ മുതിർന്നവർ വരെ ഇവിടെ വയലിലുണ്ട്.സംസ്ഥാനത്തെ ആദ്യ സമ്പൂർണ തരിശുരഹിത പഞ്ചായത്തായി മാറിയ മയ്യിലിൽ ഉൽപ്പാദിപ്പിക്കുന്ന നെല്ല് ഈ നാടിന്റെ വിശപ്പടക്കാൻ വേണ്ടിയാണ് ഉപയോഗിക്കുന്നത്.

മയ്യിൽ റൈസ് പ്രൊഡ്യൂസർ കമ്പനിയാണ് പുതിയ കാർഷിക വിപ്ളവത്തിന് തുടക്കമിടുന്നത്. പഞ്ചായത്തിലെ 73 വീടുകളിൽ മിനി റൈസ് മില്ലുകൾ ഇപ്പോൾ നിലവിലുണ്ട്. ഇവയുടെ എണ്ണം വർദ്ധിപ്പിക്കുന്നതോടൊപ്പം അരി ഉൽപ്പാദനം വ്യാപകമാക്കുകയാണ് പദ്ധതി. മണ്ണറിഞ്ഞും വിത്തറിഞ്ഞും വിപണിയറിഞ്ഞുമുള്ള ‘മയ്യിൽ മോഡൽ’ നെൽകൃഷി രാജ്യത്തിനാകെ പ്രചോദനമെന്ന്‌ ‌വിശേഷിപ്പിച്ചത്‌ നബാർഡാണ്‌.

ആകെ 8162 കുടുംബങ്ങൾ

ആദ്യ ഘട്ടത്തിൽ ഉൽപ്പാദിപ്പിച്ചത് 79 ശതമാനം

ഭാവി പദ്ധതി - നൂറു ശതമാനമായി ഉയർത്തും

ആവേശം കുട്ടിക്കർഷകർക്ക്

വയലുകൾക്കൊപ്പം മുഴുവൻ വീടുകളും പൊതു സ്ഥലങ്ങളിലും കൃഷി വ്യാപിച്ചപ്പോൾ പാഠപുസ്തകങ്ങളിലെ കേട്ടറിവുകൾ ഓരോ കുട്ടികളും കണ്ടും അനുഭവിച്ചുമറിഞ്ഞു. വീട്ടുകാർക്കൊപ്പം കുട്ടികളും നടീലിൽ ഏർപ്പെടുന്ന കാഴ്ചയാണിപ്പോൾ മയ്യിലിൽ.

'എല്ലാവരെയും കൃഷിയിലിറക്കുക എന്ന ആശയം ലക്ഷ്യം കണ്ടതോടെയാണ് രണ്ടാം ഘട്ടത്തിൽ കൂടുതൽ സജീവമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്. മണ്ണറിയാത്തവർ ഇനി മയ്യിലുണ്ടാകില്ലെന്ന ലക്ഷ്യത്തോടെയാണ് രണ്ടാം ഘട്ടത്ത് നടീൽ തുടങ്ങിയത്​ '-

ടി.കെ. ബാലകൃഷ്ണൻ,​മാനേജിംഗ് ഡയറക്ടർ

മയ്യിൽ റൈസ് പ്രൊഡ്യൂസർ കമ്പനി