beena
ബീന പണി പൂർത്തിയാകാത്ത തന്റെ വീട്ടിൽ

കാഞ്ഞങ്ങാട്: ജന്മനാ വലതുകണ്ണ് ഇല്ല. ഇടതുകണ്ണിന് കാഴ്ച നാൽപതു ശതമാനം. ജനിക്കുന്നതിന് ഒരു മാസം മുമ്പെ പിതാവിനെ നഷ്ടപ്പെട്ടു. പ്രായമായ അമ്മയ്ക്ക് ജോലി ചെയ്യാനുള്ള ആരോഗ്യവും നഷ്ടപ്പെട്ടു. കഷ്ടപ്പെട്ട് പഠിച്ച് പ്ളസ് ടു പൂർത്തിയായെങ്കിലും ഒരു ആനുകൂല്യവും ലഭിക്കാത്തതിനാൽ തുടർപഠനം നിലച്ചു. കാസർകോട് വെസ്റ്റ് എളേരി പഞ്ചായത്തിലെ കൊടിയൻകുണ്ട് കോളനിയിലെ പണി പൂർത്തിയാകാത്ത വീട്ടിൽ ജീവിതം തള്ളിക്കുന്ന 26 കാരി ബീനയുടെ നേർചിത്രമാണ് ഇത്.

കൊടിയൻകുണ്ട് കോളനിയിലെ പരേതനായ താഴത്തു വീട്ടിൽ നാരായണന്റെയും നാരായണിയുടെയും മകളാണ് ബീന.

ഭർത്താവ് മരിച്ച വേദന മാറും മുമ്പ് നാരായണിക്ക് മകൾ പിറന്നത് ഒറ്റകണ്ണോടെയായിരുന്നു. മകളുടെ വൈകല്യത്തിന് വേണ്ടുന്ന ചികിത്സ നൽകാൻ ഈ നിർദ്ധന മാതാവിന് കഴിഞ്ഞില്ല. അകക്കണ്ണിന്റെ വെളിച്ചത്തിൽ മാലോത്തു കസബ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നും 2013-ൽ മികച്ച വിജയമാണ് ബീന നേടിയത്. ഇതേ സ്കൂളിൽ നിന്ന് പ്ലസ്ടുവും പാസ്സായി. തുടർ പഠനത്തിനായി ആനുകൂല്യങ്ങൾ തേടിയിറങ്ങിയ ബീനയെ ആരും സഹായിച്ചില്ല.

കാഴ്ച ഉണ്ടെന്നും അതിനാൽ ആനുകൂല്യങ്ങൾക്ക് അർഹത ഇല്ലെന്നുമാണ് കണ്ണും കാഴ്ചയുമുള്ള അധികാരികൾ പറയുന്നത്. വൈകല്യം കാണുന്ന കാഴ്ചയിൽ തന്നെ ആർക്കും ബോദ്ധ്യപ്പെടുമെങ്കിലും ഈ നിർദ്ധന ദളിത്‌ യുവതിയുടെ കാര്യത്തിൽ അതുണ്ടായില്ല.

പ്ലസ്ടു പരീക്ഷ കഴിഞ്ഞ ശേഷമാണ് ബീന കണ്ണിന്റെ വൈകല്യം പുറത്ത് കാണിക്കാതിരിക്കാൻ ഒരു കണ്ണട വച്ചതുതന്നെ. അതും നിലവാരം കുറഞ്ഞത്. അമ്മയുടെ പേരിലുള്ള അഞ്ചു സെന്റ് ഭൂമിയിൽ പഞ്ചായത്തിൽ നിന്നും ഇവർക്ക് വീട് ലഭിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ നിർമ്മാണം പൂർത്തിയായിട്ടില്ല. വീട് വയ്ക്കുന്ന സ്ഥലത്തേക്ക് കല്ലും മണലും സിമന്റുമെത്തിക്കാൻ നല്ലൊരു തുക ചിലവിടേണ്ടിയും വന്നു. ബീനയുടെ നമ്പർ; 9495448143.

കണ്ണിന് ചികിത്സ കിട്ടിയില്ലെങ്കിലും ജീവിക്കാൻ എന്തെങ്കിലും ഒരു ജോലിയാണ് വേണ്ടത്. അമ്മയ്ക്ക് പ്രായമായി. ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥ വന്നാൽ പിന്നെ ഞങ്ങളുടെ ജീവിതം എന്താവുമെന്ന് ആർക്കും പറയാനാകില്ല- ടി. ബീന