ram
യോഗാചാര്യ എം.കെ.രാമൻമാസ്റ്റർ

നീലേശ്വരം: ലോകമാകമാനം കൊവിഡ് ഭീതി പരത്തുമ്പോഴും തൊണ്ണൂറ്റിയഞ്ചിന്റെ നിറവിലെത്തിയ രാമൻമാസ്റ്റർ ഒരു ഭയപ്പാടുമില്ലാതെയാണ് ജീവിക്കുന്നത്. എഴുപത് വർഷം പിന്നിട്ട യോഗാഭ്യാസ ചര്യകൾക്ക് ഈ കൊവിഡ് കാലത്തും ഒരു മാറ്റവും വരുത്തിയിട്ടില്ല.

നീലേശ്വരം കാവിൽഭവന്റെ സ്ഥാപകനും വിശ്രുത യോഗഗുരുവുമായ എം.കെ.രാമൻ മാസ്റ്റർ ഇന്നും പുലർച്ചെ നാലിന് എഴുന്നേൽക്കും. കുളി കഴിഞ്ഞ് ലഘുയോഗാസനങ്ങൾ, പ്രാണായാമം, ധ്യാനം, എന്നിവയടങ്ങിയ ദിനചര്യകളാണ് 95ാം വയസിലും ഇദ്ദേഹം മുടക്കാതെ കൊണ്ടുപോകുന്നത്.

25ാം വയസ്സിൽ തുടങ്ങിയതാണ് യോഗാഭ്യാസം.ഋഷികേശിലെ സ്വാമി ശിവാനന്ദ സരസ്വതിയുടെ പ്രഭാഷണം കേട്ടാണ് ഇദ്ദേഹം യോഗയിൽ ആകൃഷ്ടനായത്. ഋഷികേശിലെ ശിവാനന്ദാശ്രമം, മൈസൂർ ശ്രീരാമകൃഷ്ണാശ്രമം, എന്നിവിടങ്ങളിൽ നിന്ന് യോഗാഭ്യാസവും, യോഗദർശനവും പഠിച്ചെടുത്തു. കൊല്ലൂരിലെ സ്വാമി ശങ്കരാനന്ദയിൽ നിന്ന് പ്രകൃതിചികിത്സാ മുറകളും സ്വായത്തമാക്കി.ഇന്ത്യയിലുടനീളം 30 ഓളം ആശ്രമങ്ങളിൽ താമസിച്ച് അവിടെ നിന്നും യോഗ പ്രകൃതിചികിത്സ അഭ്യസിച്ചിട്ടുണ്ട് ഇദ്ദേഹം.

1956 ലാണ് നീലേശ്വരത്ത് യോഗ പ്രകൃതിചികിത്സ കേന്ദ്രം ആരംഭിച്ചത്.ഇവിടെ നിന്നും ആയിരക്കണക്കിനാളുകളെ യോഗാഭ്യാസത്തിലൂടെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നിട്ടുണ്ട് ഇദ്ദേഹം.കാവിൽ ഭവന്റെ സ്വാന്തന മറിഞ്ഞവരിൽ മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ ,ഇപ്പോഴത്തെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ, അബ്ദുൾ സമദ് സമദാനി, സി.പി.എം.നേതാവ് ആനത്തലവട്ടം ആനന്ദൻ, പി.സതി ദേവി, എം.വി.ഗോവിന്ദൻ ,എം വി ,ജയരാജൻ, തുടങ്ങിയ ഒട്ടേറെ പ്രമുഖരുണ്ട്.

2012 ൽ കേരള യോഗ അസോസിയേഷൻ യോഗരത്ന ബഹുമതിയും 2018ൽ എറണാകുളം യോഗകേന്ദ്രം യോഗ പൈതൃക പുരസ്കാരം നൽകി മാസ്റ്ററെ ആദരിച്ചിരുന്നു.