തളിപ്പറമ്പ് നിക്ഷേപിക്കപ്പെടുന്ന മാലിന്യം കുമിഞ്ഞുകൂടി ദുർഗന്ധത്തിന്റെയും രോഗ വ്യാപനത്തിന്റെയും കേന്ദ്രങ്ങളായാണ് പൊതുവെ ട്രഞ്ചിംഗ് ഗ്രൗണ്ടുകൾ വിശേഷിപ്പിക്കപ്പെടുന്നത്. എന്നാൽ ട്രഞ്ചിംഗ് ഗ്രൗണ്ടിൽ പച്ചതുരുത്തും മത്സ്യക്കുളവും തീർത്ത് തളിപ്പറമ്പ് നഗരസഭ സംസ്ഥാനത്തിന് തന്നെ അനുകരണീയ മാതൃകയാണ്. .
കരിമ്പത്തുള്ള ട്രഞ്ചിംഗ് ഗ്രൗണ്ടിൽ ഒഴിഞ്ഞ ഒരു ഭാഗത്ത് പുൽത്തകിടി വെച്ചുപിടിപ്പിച്ചു. തണൽ മരങ്ങളും ഔഷധ ചെടികളും നട്ടു.
ചെരുപ്പിന്റെ അവശിഷ്ടങ്ങളും ടാർപോളിനും ഉപയോഗിച്ചാണ് മത്സ്യ കുളങ്ങൾ നിർമ്മിക്കുന്നത്.ട്രഞ്ചിംഗ് ഗ്രൗണ്ടിൽ സംസ്‌കരിക്കുന്ന മാലിന്യങ്ങൾ വളമാക്കി മാറ്റി നഗരസഭ വരുമാനം ഉണ്ടാക്കുന്നുണ്ട്. മത്സ്യ കൃഷി വഴിയും വരുമാനമാണ് ലക്ഷ്യം. ഭരണ പ്രതിപക്ഷ ഭേദമന്യേയുള്ള പിന്തുണയും പദ്ധതിക്കുണ്ട്.നഗരസൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി നാഷണൽ ഹൈവേയിൽ നടുഭാഗത്തായി അനേകം വഴിവിളക്കുകൾ സ്ഥാപിച്ച് നഗരത്തിന്റെ മുഖഛായ തന്നെ മാറ്റി എടുത്തിട്ടുണ്ട്.നഗര കേന്ദ്രത്തിൽ മാലിന്യ നിക്ഷേപം, പൊതുജന സുരക്ഷ എന്നിവയ്ക്ക് വേണ്ടി നിരീക്ഷണ കാമറകൾ 35 ലക്ഷം രൂപ മുടക്കി സ്ഥാപിച്ചു.
ഗ്രീൻ ചാനൽ പദ്ധതിയിൽ കാക്കതോട് മുതൽ മലിനജല ട്രിന്റ്‌മെന്റ് പ്ലാന്റിലേയ്ക്ക് അഴുക്കുചാൽ നിർമാണത്തിന് മൂന്ന് കോടി രൂപയാണ് വില വഴിച്ചത്. നഗരകേന്ദ്രങ്ങളിൽ 30 ഓളം മിനിമാസ് ലൈറ്റുകൾ സ്ഥാപിച്ചു.പുതിയതായി അംഗൻവാടി കെട്ടിടങ്ങളും നിർമ്മിച്ചു.' ഉൽപ്പാദന മേഖലയിലും, കാർഷിക മേഖലയിലും ഉൾപ്പെടെ അരക്കോടിയിലധികം രൂപ വകയിരിത്തി കാർഷിക മേഖലയിൽ സമഗ്ര വികസനത്തിലുള്ള പദ്ധതി നടപ്പിലാക്കി. മാലിന്യം കുമിഞ്ഞ് കൂടിയ അള്ളാംകുളവും, ഞാറ്റു വയൽ കളവും നവീകരിച്ച് നാടിന്റെ മനോഹാരിത വർദ്ധിപ്പിച്ചു.
പാവപ്പെട്ടവർക്കായി തളിപ്പറമ്പ താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ മൂന്ന് വർഷമായി 10 ഓളംഡയാലിസിസ് യൂണിറ്റ് പ്രവർത്തിച്ച് വരുന്നുണ്ട് '. കാക്കതോട് മലയോര ബസ് സ്റ്റാൻഡ് അവസാന മിനുക്കുപണിയിലാണ് . പുഴയോര ടൂറിസത്തിന്റെ ഭാഗമായി കുപ്പം പുഴയോരത്ത് സൗന്ദര്യവത്ക്കരണത്തിന് പ്രമുഖ്യം നൽകി, മത്സ്യം വളർത്താൻ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൂട് കൃഷിക്കും ധനസഹായം നൽകി. നഗരസഭ ഓഫിസിന്റെ പ്രവർത്തനം കാര്യക്ഷമമാക്കി ഇങ്ങനെ നിരവധി പദ്ധതികൾ ഭരണസമിതിയുടെ പ്രോഗ്രസ് കാർഡിലുണ്ട്.
' കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഈ ഭരണ സമിതിയുടെ കാലയളവിൽ സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധേയമായ നിരവധി പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പിലാക്കാൻ കഴിഞ്ഞു എന്ന ചാരിതാർത്ഥ്യമുണ്ട്. മാലിന്യ സംസ്‌കരണത്തിൽ നിന്നും വരുമാനമുണ്ടാക്കുന്ന പദ്ധതിയെ ധനമന്ത്രി തോമസ് ഐസക്ക് കേരളത്തിന് തന്നെ മാതൃകയായി ചൂണ്ടിക്കാണിച്ചതാണ്. എല്ലാ വികസന പ്രവർത്തനങ്ങളും നടത്താനായത് കക്ഷി രാഷ്ട്രീയ ഭേദമന്യെയുള്ള കൗൺസിലിന്റെയും പൊതുജനങ്ങളുടെയും സഹകരണം കൊണ്ടുകൂടിയുണ്ട് '-
മഹമൂദ് അള്ളാംകുളം(തളിപ്പറമ്പ് നഗരസഭാ ചെയർമാൻ)
'സംസ്ഥാനസർക്കാരിന്റെ പദ്ധതികളെയാണ് നഗരസഭ വികസനമായി കാണുന്നത്. എം.എൽ.എ ഫണ്ടുപയോഗിച്ച് നഗരത്തിൽ മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത് തങ്ങളുടെ നേട്ടമായി പറയുകയാണ് നഗരസഭ. മിക്ക പദ്ധതികളും സംസ്ഥാന സർക്കാരിന്റെ നേട്ടമാണ്. സ്വ ന്തമായി യാതൊന്നും എടുത്തുകാട്ടാൻ ഇല്ലാതെയാണ് നഗരസഭ ഭരണാധികാരികൾ മേനി നടക്കുന്നത്. -
എം.ചന്ദ്രൻ(സി.പി.എം)