പയ്യന്നൂർ: റെയിൽവേ സ്റ്റേഷനിൽ നിലവിലുള്ള ഓവ‌ർബ്രിഡ്ജ് കിഴക്ക് ഭാഗത്തേക്ക് കൂടി ദീർഘിപ്പിച്ച് നിർമ്മിച്ചതിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വലിന്റെ അദ്ധ്യക്ഷതയിൽ സി. കൃഷ്ണൻ എം.എൽ.എ. നിർവ്വഹിച്ചു. എം.എൽ.എ.ആസ്തി വികസന ഫണ്ടും നഗരസഭ പദ്ധതി വിഹിതവും ഉപയോഗിച്ച് ഒരു കോടിയോളം രൂപ ചെലവഴിച്ചാണ് 3 മീറ്റർ നീളത്തിലും രണ്ടര മീറ്റർ വീതിയിലുമായി നീളം കൂട്ടി നിർമ്മിച്ചത്. ഇതിനോടനുബന്ധിച്ച് മമ്പലം ഭാഗത്ത് നടപ്പാലം വരെ 500 മീറ്റർ നീളത്തിലും 3 മീറ്റർ വീതിയിലും കോൺക്രീറ്റ് റോഡും നിർമ്മിച്ചിട്ടുണ്ട്. നിർമ്മാണം പൂർത്തിയായി മാസങ്ങളായെങ്കിലും കൊവിഡ് നിയന്ത്രണങ്ങൾ കാരണം ഉദ്ഘാടനം നീണ്ടു പോവുകയായിരുന്നു.

മേൽ നടപ്പാലം നിർമ്മാണം പൂർത്തിയാകുമ്പോൾ സ്റ്റേഷന് കിഴക്ക് ഭാഗത്തുള്ള സ്ഥലത്ത് പാർക്കിംഗ് സൗകര്യം ഒരുക്കാമെന്ന് റെയിൽവേ ഉറപ്പ് കൊടുത്തിരുന്നുവെങ്കിലും അതെല്ലാം വെറുതെയായി. മമ്പലം വഴി സ്റ്റേഷന് കിഴക്ക് വശത്ത് എത്തിച്ചേരാൻ നിലവിലുള്ളത് വീതി കുറഞ്ഞ ഗ്രാമീണ റോഡാണ്. ഇവിടെ വാഹനം തിരിക്കുവാനും പാർക്കിംഗിനും തീരെ സൗകര്യമില്ല. വാഹനങ്ങൾ പാർക്ക് ചെയ്ത് ട്രെയിനിൽ യാത്ര പോകുന്നവർ സ്വകാര്യ സ്ഥലങ്ങളെയും മറ്റുമാണ് ഇപ്പോൾ ആശ്രയിക്കുന്നത്. ഈ ഭാഗങ്ങളിൽ വെറുതെ കാടു പിടിച്ച് കിടക്കുന്ന റെയിൽവേ സ്ഥലം പാർക്കിംഗിനായി ഉപയോഗപ്പെടുത്തിയാൽ, റെയിൽവേക്ക് അത് ഒരു വരുമാന മാർഗ്ഗവും യാത്രക്കാർക്ക് ഏറെ ഉപകാരപ്രദവുമാകും.