കാസർകോട് :കേരളം സന്തോഷ് ട്രോഫി നേടിയ 2018 ൽ ടീമിന്റെ നെടുംതൂണായിരുന്ന കെ.പി. രാഹുലിന് കേരള പിറവി ദിനത്തിൽ സ്വപ്ന ഭവനം. വിദ്യാഭ്യാസ വകുപ്പിൽ ക്ലാർക്കായി നിയമിച്ചതിന് പിന്നാലെ കായിക വകുപ്പ് വീടും നിർമ്മിച്ച് നൽകി. 15 ലക്ഷം രൂപയാണ് രാഹുലിന്റെ വീടിനായി കായിക വകുപ്പ് നൽകിയത്. 18 ലക്ഷം രൂപയാണ് വീടിന് ആകെ ചിലവ് വന്നത്.
. ആറര ലക്ഷം രൂപ വായ്പയെടുത്ത് പിലിക്കോട് കോതോളിയിൽ വീട്ടുകാർ വാങ്ങിച്ച അഞ്ച് സെന്റ് സ്ഥലത്താണ് സർക്കാർ വീട് വച്ച് നൽകിയത്. ഇതോടെ സ്വന്തമായി വീടില്ലാതിരുന്ന കേരളത്തിന്റെ മികച്ച ഫുട്‌ബോൾ താരത്തിന്റെ സ്വപ്നമാണ് സഫലമായത്. പുതിയ വീടിന്റെ അകത്തളം മുഴുവൻ രാഹുലിന് ഇതുവരെ കിട്ടിയ മെഡലുകളുടെ തിളക്കം. ചെമ്പ്രകാനത്തെ പഴയ കുടിലിൽ അടുക്കിവെക്കാൻ സ്ഥലം പോരാത്തതിനാൽ മാറ്റിവെച്ച മെഡലുകളെല്ലാം വെക്കാൻ സ്വപ്നക്കൂടിന്റെ ഹാളിൽ മനോഹരമായി വെച്ചിരിക്കുന്നു.
വീടിന്റെ താക്കോൽദാനം കായിക വകുപ്പ് മന്ത്രി ഇ. പി ജയരാജൻ നിർവഹിച്ചു.
2019 ഡിസംബറിൽ പണി തുടങ്ങിയ വീട് നിർമ്മാണം ആറു മാസം കൊണ്ടാണ് പൂർത്തിയാക്കിയത്. എം രാജഗോപാലൻ എം .എൽ .എ ചെയർമാനും പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ടി. വി ശ്രീധരൻ വർക്കിംഗ് ചെയർമാനും സ്പോർട്സ് കൗൺസിൽ സംസ്ഥാന പ്രതിനിധി ശോഭ ബാലൻ ജനറൽ കൺവീനറുമായ കമ്മറ്റിക്കായിരുന്നു വീട് നിർമ്മാണ ചുമതല. വീടിന്റെ പാല് കാച്ചലും താക്കോൽദാനവും സെപ്റ്റംബർ എട്ടിന് നിശ്ചയിച്ചത് ആയിരുന്നു. കൊവിഡ് നിയന്ത്രണം കാരണം മന്ത്രിക്ക് എത്തിച്ചേരാൻ പറ്റാത്തതിനാൽ മാറ്റിവെച്ചു.
ചെമ്പ്രകാനത്തെ കെ. പി. രമേശന്റെയും കെ. വി. തങ്കമണിയുടെയും മകനാണ് രാഹുൽ. ആറാം വയസ് മുതൽ പന്ത് തട്ടി വളർന്നാണ് രാഹുൽ മികച്ച ഫുട്‌ബോളറായത്.
ശോഭ ബാലൻ കണ്ടത് 20 തവണ
കെ പി രാഹുലിന്റെ വീട് യാഥാർഥ്യമാക്കുന്നതിന് സ്പോർട്സ് കൗൺസിൽ പ്രതിനിധി ശോഭ ബാലൻ മന്ത്രി ഇ പി ജയരാജനെ കണ്ടത് 20 തവണ. താക്കോൽദാന ചടങ്ങിൽ മന്ത്രി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ജോലിയും കൂലിയും ഇല്ലാതെ കഷ്ടപ്പെടുന്ന കായിക താരങ്ങളെ സർക്കാർ സംരക്ഷിക്കും. കെ പി രാഹുലിന് ജോലിയും ഇപ്പോൾ വീടും നൽകി. ഉന്നതനായ ഫുട്‌ബോൾ താരമായി രാഹുൽ വളർന്നതിൽ നാം അഭിമാനിക്കുന്നു. ഇതുപോലെ ദുരിതം അനുഭവിക്കുന്ന കായിക താരങ്ങൾക്ക് തണലേകും. 1000 കോടിയുടെ പദ്ധതികളാണ് കായിക വകുപ്പ് നടപ്പിൽ വരുത്തുന്നത്.
ഇ .പി. ജയരാജൻ
(കായിക വകുപ്പ് മന്ത്രി )