ഇരിട്ടി : ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ആറളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെയും ആദിവാസികളുടെയും നേതൃത്വത്തിൽ വളയംചാലിലെ ആറളം വൈൽഡ് ലൈഫ് വാർഡൻ ഓഫീസ് ഉപരോധിച്ചു. ഡി.എഫ്.ഒ വി. രാജൻ, വൈൽഡ് ലൈഫ് വാർഡൻ എ. ഷജ്ന എന്നിവർ ഉൾപ്പെടെയുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരെയാണ് ഉപരോധിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച ഉപരോധം വൈകുന്നേരം 4 മണിയോടെയാണ് അവസാനിച്ചത്.

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് തോമസ് വർഗീസ് ഉദ്ഘാടനം ചെയ്തു. ആറളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപ്പറമ്പിൽ, വി.ടി. തോമസ്, സുധീപ് ജെയിംസ്, റഹിയാനത്ത് സുബി, മാർഗ്ഗരറ്റ് ജോസ്, അരവിന്ദൻ ആക്കാനിശ്ശേരി, ജിമ്മി അന്തിനാട്ട്, കെ. ശോഭ എന്നിവർ നേതൃത്വം നൽകി.
തുടർന്ന് നടന്ന ചർച്ചയിൽ ആറളം വൈൽഡ് ലൈഫ് വാർഡൻ എ. ഷജ്ന, ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ വി. രാജൻ, പഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപ്പറമ്പിൽ, വൈസ് പ്രസിഡന്റ് കെ. വേലായുധൻ, ജില്ലാ പഞ്ചായത്തംഗം തോമസ് വർഗീസ്, വി. ശോഭ, വി.ടി. തോമസ്, പി.സി. ബാലൻ എന്നിവർ പങ്കെടുത്തു.

ശനിയാഴ്ച വൈകുന്നേരം 5 മണിയോടെയാണ് പുനരധിവാസ മേഖലയിലെ ഏഴാം ബ്ലോക്കിലെ ബാബു - സിന്ധു ദമ്പതികളുടെ മകൻ ബബീഷിനെ (18 ) ആന ആക്രമിച്ച് കൊലപ്പെടുത്തിയത്.

ചർച്ചയിലെ തീരുമാനങ്ങൾ
ആനകളെ ഓടിക്കുമ്പോൾ പ്രദേശത്തെ ജനങ്ങളെ അറിയിക്കുന്നതിനായി അനൗൺസ്‌മെന്റ് വാഹനം ഏർപ്പെടുത്തും. മരണമടഞ്ഞ ബിബീഷിന്റെ കുടുംബത്തിനുള്ള നഷ്ടപരിഹാരത്തുകയിൽ രണ്ട് ലക്ഷം ഇന്ന് കൈമാറും. 15 ദിവസത്തിനുള്ളിൽ 3 ലക്ഷം കൂടി അനുവദിക്കും. തുടർന്ന് ലീഗൽ ഹയർ സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറക്ക് 5 ലക്ഷം കൂടി കൈമാറും.
 മരണമടഞ്ഞയാളുടെ കുടുംബത്തിൽ ഒരാൾക്ക് താത്കാലിക വാച്ചർ നിയമനം നൽകും. ആറ് ബ്ലോക്കുകളിൽ നിന്നും രണ്ടു ദിവസത്തിനകം ആനകളെ കാട്ടിലേക്ക് കയറ്റി വിടാനുള്ള നടപടി ഉണ്ടാകും. ആനമതിലിന്റെ നിർമ്മാണ പ്രവർത്തനം ഉടൻ ആരംഭിക്കാനാവശ്യമായ നടപടികൾ വനം വകുപ്പിന്റെ ഭാഗത്തുനിന്നും സ്വീകരിക്കുന്നതാണ്.

പടം....

ആറളം വളയംചാലിലെ വൈൽഡ് വൈഫ് ഓഫീസ് പരിസരത്ത് കോൺഗ്രസ് പ്രവർത്തകരും ആദിവാസികളും ചേർന്ന് വൈൽഡ് ലൈഫ് വാർഡൻ എ. ഷജ്ന ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ ഉപരോധിക്കുന്നു