തലശ്ശേരി: ദ്രാവിഡ ഗോത്രത്തിൽ പ്രസിദ്ധിയാർജ്ജിച്ച നാലുഭാഷകളെ കോർത്തിണക്കി ഞാറ്റ്വേല ശ്രീധരന്റെ നിഘണ്ടു പിറന്നു. സാക്ഷാൽ ഹെർമൻ ഗുണ്ടർട്ടിന്റെ മലയാളനിഘണ്ടു പിറന്ന നാട്ടിൽ നിന്ന് വാരകൾക്കകലെ ഒന്നേകാൽ ലക്ഷം വാക്കുകൾ ഉൾക്കൊള്ളിച്ച ചതുർഭാഷ നിഘണ്ടു പുറത്തിറക്കാൻ ഇദ്ദേഹം സഹിച്ചത്് ഒരു മനുഷ്യന് സാധാരണനിലയിൽ സഹിക്കാൻ കഴിയാത്ത കടുത്ത അനുഭവങ്ങളാണ്.
നാലാംക്ളാസുകാരന്റെ ഭാഷാസ്‌നേഹത്തെ പിന്തുണയ്ക്കാൻ ഭാഷാപണ്ഡിതന്മാർ ആരും തയ്യാറാകാതെ വന്നതാണ് ഒരു ആയുസ് മുഴുവൻ ദ്രാവിഡത്തിൽ പിറന്ന വാക്കുകളെ തേടി നടന്ന ഞാറ്റ്വേല ശ്രീധരന്റെ ചരിത്ര നിഘണ്ടു ഇത്രയും വൈകിച്ചത്.
കേരള സിനിയർ സിറ്റിസൺസ് ഫോറമാണ് ഒടുവിൽ ഇദ്ദേഹത്തെ സഹായിച്ചത്. 40 വർഷം മുമ്പ് കണ്ട സ്വപ്നം യാഥാർത്ഥ്യമായതിന്റെ സംതൃപ്തിയിലാണ് അദ്ദേഹം. കടുത്ത ദാരിദ്രവും രോഗപീഢകളും ശരീരത്തെ തകർത്തപ്പോഴും പ്രതീക്ഷയുടെ വിട്ടില്ല. വീടും കുടുംബവും വിട്ടുള്ള യാത്രകൾ.ഗ്രാമനഗരങ്ങൾ പിന്നിട്ട മഹാസഞ്ചാരങ്ങൾ,പല തരം ഭാഷകൾ, മനുഷ്യർ, സംസ്‌ക്കാരങ്ങൾ,ഉച്ചാരണ രീതികൾ എല്ലാം പഠിച്ചെടുത്താണ് ഈ നിഘണ്ടു ഒരുക്കിയത്.
ർവർഷങ്ങളോളം എഴുത്തുപുരയിൽ ഇരുന്നു.പുറം ലോകവുമായി തീർത്തും അകന്നു. എഴുത്ത് പൂർത്തിയായപ്പോൾ പ്രസിദ്ധീകരിക്കാമെന്നേറ്റവർ ഒന്നൊന്നായി കൈയ്യൊഴിഞ്ഞു. ജീവിതം തന്നെ പാഴായി പോകുകയാണെന്ന അവസ്ഥയിൽ മനസ്സ് പിടഞ്ഞെന്ന് ശ്രീധരൻ പറയുന്നു. .
കേരള, ആന്ധ്ര മുഖ്യമന്തിമാരുടെ സന്ദേശങ്ങളുംമുൻ ചീഫ് സെക്രട്ടറിയുംമലയാളം സർവകലാശാല വൈസ് ചാൻസലറുമായിരുന്ന കെ.ജയകുമാറിന്റെ ആമുഖവുംകേരള ഭാഷാ ഇൻസ്റ്റിറ്റൂട്ടിന്റെ ഡയറക്ടറായിരുന്ന ഡോ: പി.കെ.പോക്കറിന്റെ അവതാരികയുമടക്കമാണ് വിപുലമായ ഈ ഗ്രന്ഥം പുറത്തിറങ്ങിയത്. മുടങ്ങിയപ്പോഴൊക്കെ ഗ്രന്ഥരചനക്ക് ഊർജം പകർന്ന കേരളകൗമുദിയുടെ പങ്കും പ്രകാശനചടങ്ങിൽ ഞാറ്റ്വേല ശ്രീധരൻ പലവട്ടം പറഞ്ഞു.