കണ്ണൂർ: പൊന്ന്യം ഗ്രാമത്തിന്റെ കഥാകാരൻ കെ. പൊന്ന്യത്തിന് നാളെ 93. സാഹിത്യലോകത്തും പൊതുപ്രവർത്തനരംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമാണ് പൊന്ന്യത്തുകാരുടെ കരുണൻ എന്ന കെ. പൊന്ന്യം. ഹൈസ്ക്കൂൾ കാലഘട്ടം മുതൽ തന്നെ കവിതാ രചനയിലൂടെ സാഹിത്യ പ്രവർത്തനം തുടങ്ങിയ അദ്ദേഹം നിരവധി കൃതികൾ രചിച്ചിട്ടുണ്ട് . മൂത്ത സഹോദരൻ കെ.കെ.രാഘവൻ നമ്പ്യാരാണ് കരുണാകരനെ സാഹിത്യ ലോകത്തേക്ക് കൈ പിടിച്ചുയർത്തുന്നത്.
രണ്ട് വഴി രണ്ട് ശബ്ദം (കവിത), ആരോ അടുത്തുണ്ട്, ഒരു മനുഷ്യനും ഒടുങ്ങാത്ത കൊടുങ്കാറ്റും ,അവിശ്വാസി, റീത്ത്, ചീന്തിയെടുത്ത ഏടുകൾ, സൗപർണിക, പുറത്താക്കപ്പെടുന്നവൻ, ഇല്ല സർ, എനിക്കൊരാവലാതിയുമില്ല, അപടകങ്ങൾ, മറോക്ക (നോവൽ വിവർത്തനം ) എന്നീ കൃതികൾക്ക് പുറമെ പ്രമുഖരുടെ കൃതികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുമുണ്ട്. ഹിന്ദിയിൽ നിന്നും നിരവധി നോവലുകളും വിവർത്തനം ചെയ്തിട്ടുണ്ട്. ചുറ്റുമുള്ള ചില മനുഷ്യരെ കണ്ടുമുട്ടുമ്പോൾ ഇത് തന്റെ കഥാപാത്രമാണെന്ന തോന്നൽ അദ്ദേഹത്തിന് ഉണ്ടാകാറുണ്ടെന്ന് കെ. പൊന്ന്യം തന്നെ പറഞ്ഞിട്ടുണ്ട്. ചുറ്റുപാടുകളുടെ ജീവിതമാണ് കെ. പൊന്ന്യം തന്റെ കൃതികളിൽ സന്നിവേശിപ്പിച്ചിരുന്നത്.
സഹോദരന്റെ പ്രോത്സാഹനത്തിനുപിറമെ കതിരൂർ സ്കൂളിലെ ജീവിതവും സാഹിത്യ രംഗത്ത് ഉയർന്നു വരാൻ ഏറെ പ്രാപ്തനാക്കി. അവിടെ അദ്ധ്യാപകനായി ഉണ്ടായിരുന്ന വി.വി.കെയുടെ നിർലോഭമായ പ്രോത്സാഹനവും സാഹിത്യ ലോകത്തേക്ക് കൂടുതൽ അടുക്കാൻ ഇടവരുത്തി.
തായാട്ട് ശങ്കരൻ, കെ. തായാട്ട്, തായാട്ട് ബാലൻ, കെ. പാനൂർ എന്നിവരുമായുള്ള സൗഹൃദം പുതിയ ആശയങ്ങളും സംവാദങ്ങളും നടത്താനുള്ള വേദി കൂടിയായിരുന്നു. തായാട്ട് ശങ്കരന്റെ പ്രേരണയിൽ സ്റ്റുഡന്റ് കോൺഗ്രസിന്റെ നേതാവും പ്രാസംഗികനും ആയി മാറി. പിന്നീട് ഗവ. ബ്രണ്ണൻ കോളേജിൽ എത്തിയതോടെ മാർക്സിയൻ ആദർശങ്ങളുമായി ഇടപെഴുകാനും അവസരം ലഭിച്ചു. പിന്നീടങ്ങോട്ട് ഇടത് സഹയാത്രികനായി മാറി.
എഴുത്തുകാരനാക്കിയത് അസ്വസ്ഥതകൾ
1950 ൽ ഇന്ത്യൻ റെയിൽവേയിൽ ജോലിയിൽ പ്രവേശിക്കുകയും 1985 ൽ തലശേരിയിൽ നിന്നും സൂപ്രണ്ടായി വിരമിക്കുകയും ചെയ്തു. ഈ കാലയളവിൽ വൈശാഖൻ, എം.ടി.യുടെ സഹോദരൻ എം.ടി.നാരായണൻ നായർ എന്നിവരുമായി ആഴത്തിലുള്ള സൗഹൃദം സൂക്ഷിക്കാൻ സാധിച്ചു. അസ്വസ്ഥതകളിൽ നിന്നും എഴുതി തുടങ്ങാനാണ് രസകരമെന്ന് അദ്ദേഹം പറയുമായിരുന്നു. തന്റെ തന്നെ പ്രതിഷേധം പ്രകടിപ്പിക്കാനാണ് അധികവും അദ്ദേഹം എഴുതിയിരുന്നത്.