please-
പ്ലീസ് ഹ്രസ്വ ചിത്രത്തിൽ നിന്ന്

കാസർകോട്: റിവേഴ്‌സ് ക്വാറന്റൈൻ കൃത്യമായി പാലിക്കുന്നതിലെ അശ്രദ്ധ മൂലം 60 വയസ്സ് കഴിഞ്ഞവർ, കിടപ്പുരോഗികൾ, മറ്റു രോഗബാധിതർ, കുട്ടികൾ, ഗർഭിണികൾ എന്നിവരിലേക്ക് കൊവിഡ് പകരുന്നത് ഇപ്പോഴും തുടരുകയാണ്.

അശ്രദ്ധമൂലം നിസ്സഹായരായ ഇത്തരം ആളുകളിലേക്ക് രോഗമെത്താതിരിക്കാൻ ശ്രദ്ധിക്കുക എന്ന ആശയം ജനങ്ങളിലേക്കെത്തിക്കാൻ ഐ.ഇ.സി കോർഡിനേഷൻ കമ്മിറ്റിക്ക് വേണ്ടി ജില്ലാ മാസ് മീഡിയാ വിഭാഗം തയ്യാറാക്കിയ ബോധവൽക്കരണ ഹ്രസ്വ ചിത്രമാണ് "പ്ലീസ്". റിവേഴ്‌സ് ക്വാറന്റൈൻ വസ്തുതകൾ ലളിതവും മനോഹരവുമായി അവതരിപ്പിക്കുന്ന 'പ്ലീസ്‌' ഒരു കുടുംബപശ്ചാത്തലത്തിൽ, ഈ കൊവിഡ് കാലത്ത് നാട്ടിലെ രോഗാണു നമ്മുടെ വീടുകളിൽ എത്താതിരിക്കാൻ പാലിക്കേണ്ട ശീലങ്ങളെ ഓർമപ്പെടുത്തുന്നു.

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നാടുമുഴുവൻ കറങ്ങി നടക്കുന്ന ചെറുമകൻ രോഗബാധിതനാവുകയും പ്രായാധിക്യമുള്ള മുത്തച്ഛന് രോഗം പകർത്തുകയും ചെയ്യുന്നു .ഒടുവിൽ മുത്തച്ഛൻ മരണപ്പെടുന്നു. പരിമിതമായ സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ട് നിർമിച്ച 10 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം ചുരുങ്ങിയ സമയം കൊണ്ട് തന്നെ നവമാധ്യമങ്ങളിൽ വൈറലായി . എം.രാജഗോപാലൻ എം.എൽ.എ, പ്രശസ്ത സിനിമാ താരം സന്തോഷ് കീഴാറ്റൂർ എന്നിവർ ഫേസ് ബുക്കിൽ ഹ്രസ്വചിത്രം ഷെയർ ചെയ്തു. ചിത്രത്തെ കുറിച്ച് ആസ്വാദന കുറിപ്പ് തയ്യാറാക്കാൻ ജില്ലയിലെ കുടുംബശ്രീ പ്രവർത്തകർക്കായി മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. ജില്ലാ കൊവിഡ് കൺട്രോൾ സെല്ലിലെ ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ പി.വി മഹേഷ്‌ കുമാർ സംവിധാനം ചെയ്ത ഹ്രസ്വചിത്രത്തിൽ ശ്രീജിത് കരിവെള്ളൂർ ക്യാമറയും പി.പി ജയൻ സംഗീതവും നിർവഹിച്ചു. മുനമ്പത്ത് ഗോവിന്ദൻ, പി.വി രാജൻ, ശ്രീലാൽ, സയന, നവനീത്, മധുസൂദനൻ, ആദർശ് എന്നിവരാണ് അഭിനേതാക്കൾ