ഇരിട്ടി: ജനസംഖ്യാനുപാതിക സംവരണം അനുവദിക്കുക, സാമ്പത്തിക സംവരണം അടിച്ചേൽപിക്കരുത്, സമുദായിക സംവരണം അട്ടിമറിക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എസ്.എൻ.ഡി.പി യോഗത്തിന്റെ ആഭിമുഖ്യത്തിൽ ഡോ. പല്പുവിന്റെ ജന്മദിനമായ ഇന്നലെ നാടെങ്ങും സംവരണ സംരക്ഷണ പ്രതിജ്ഞ എടുത്തു.
ഇരിട്ടി എസ്.എൻ.ഡി.പി യോഗം യൂണിയന്റെ ആഭിമുഖ്യത്തിൽ ടൗണിൽ നടന്ന സമരത്തിൽ യൂണിയൻ സെക്രട്ടറി സംവരണ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യൂണിയൻ പ്രസിഡന്റ് കെ.വി. അജി, വൈസ് പ്രസിഡന്റ് കെ.കെ സോമൻ, ഭാരവാഹികളായ യു.എസ് അഭിലാഷ്, പി. ശശി കോട്ടംചാൽ എന്നിവർ സംസാരിച്ചു. ഉളിക്കൽ, ശ്രീകണ്ഠാപുരം, ഇരിക്കൂർ, പയ്യാവൂർ, വള്ളിത്തോട്, കരിക്കോട്ടക്കരി, തില്ലങ്കേരി, മട്ടന്നൂർ, കാക്കയങ്ങാട്, പേരാവൂർ, കണിച്ചാർ, കേളകം, കൊട്ടിയൂർ, കോളിത്തട്ട്, എടൂർ, കോളയാട് തുടങ്ങിയ പ്രദേശങ്ങളിലും സമരപരിപാടികൾ സംഘടിപ്പിച്ചു.