പിലിക്കോട്: കാലിക്കടവിനടുത്ത ആണൂർ ദേശീയപാതയ്ക്കരികിലെ ഏച്ചിക്കുളങ്ങര ശ്രീ നാരായണപുരം ക്ഷേത്രത്തിൽ മോഷണം. 7000 ത്തോളം രൂപയും 900 രൂപ വിലയുള്ള ഒരു മൊബൈൽ ഫോണും മോഷണം പോയി.
ഓഫീസ് മുറിയും പുറത്തെ ഭണ്ഡാരവും തകർത്താണ് മോഷണം നടന്നത്. ഞായറാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവമെന്നു കരുതുന്നു. കഴിഞ്ഞ ഒരാഴ്ച മുമ്പാണ് ക്ഷേത്രം ഭാരവാഹികൾ ഭണ്ഡാരം തുറന്ന് പണം ശേഖരിച്ചിരുന്നു. ചന്തേര പൊലീസ് സ്ഥലത്തെത്തി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും ക്ഷേത്രത്തിലെത്തി പരിശോധന നടത്തുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു.
2013ലും ഈ ക്ഷേത്രത്തിൽ മോഷണം നടന്നിരുന്നു. അന്ന് ക്ഷേത്രത്തിലെ എഴുന്നള്ളത്തിന് ഉപയോഗിച്ചു വരുന്ന പഞ്ചലോഹ തിടമ്പ് മോഷണം പോയിരുന്നു. അന്വേഷണങ്ങൾ നടക്കുന്നതിനിടയിൽ ക്ഷേത്ര ഭണ്ഡാരത്തിൽ നിന്ന്, സമീപത്തെ കുളത്തിൽ തിടമ്പുണ്ടെന്ന കുറിപ്പ് ലഭിച്ചിരുന്നു. അതുപ്രകാരം സമീപത്തെ കുളത്തിൽ വെള്ളം വറ്റിച്ച് പരിശോധന നടത്തിയിരുന്നുവെങ്കിലും കണ്ടെത്താനായില്ല.