കാസർകോട്: ഡിജിറ്റൽ പഠനകാലത്തെ അദ്ധ്യാപന അനുഭവങ്ങൾ പങ്കുവെച്ച് വിക്ടേഴ്സ് ചാനൽ അദ്ധ്യാപകർ. പുതിയ പാഠങ്ങളെ അവരിൽ നിന്ന് അറിഞ്ഞ് നാളെയുടെ അധ്യാപകർ. കാസർകോട് ഡയറ്റാണ് 'ടീച്ചിംഗ് ഇൻ ലൈം ലൈറ്റ് 'എന്ന പേരിൽ ഓൺലൈൻ വിദ്യാഭ്യാസ സദസ് സംഘടിപ്പിച്ചത്.
കൊവിഡ് പ്രതിസന്ധിക്കിടയിലും കേരളത്തിലെ വിദ്യാലയ പ്രവർത്തനങ്ങളെ ഓൺലൈൻ ക്ലാസുകളിലൂടെ സജീവമാക്കാൻ കഴിഞ്ഞത് ഇവിടെ ശക്തമായ ഒരു പൊതു വിദ്യാഭ്യാസ സംവിധാനം നിലനിൽക്കുന്നതുകൊണ്ടാണെന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സംസ്ഥാന കോർഡിനേറ്ററും കവിയുമായ മുരുകൻ കാട്ടാക്കട ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഓൺലൈൻ ക്ലാസുകളിലൂടെ കുട്ടികളുടെ മനംകവർന്ന സായി ശ്വേത, വിനയൻ പിലിക്കോട്, വി.എൽ നിഷ, സുരേഖ, സാജൻ, സിജാ റാണി എന്നിവർ പരിപാടിയിൽ അനുഭവങ്ങൾ പങ്കുവച്ചു. നാലു മണിക്കൂർ നീണ്ട വിദ്യാഭ്യാസ സദസിൽ ഡിജിറ്റൽ ക്ലാസുകളുടെ മേന്മയും പോരായ്മകളും അദ്ധ്യാപകരും രക്ഷിതാക്കളും നൽകേണ്ട പിന്തുണയുമെല്ലാം ചർച്ചയായി. ക്ലാസ് റൂം പഠന സങ്കേതങ്ങൾ പാഠാസൂത്രണം എന്നിവയെക്കുറിച്ചെല്ലാം അദ്ധ്യാപക വിദ്യാർത്ഥികൾ ചോദിച്ചറിഞ്ഞു.
ഡയറ്റ് പ്രിൻസിപ്പാൾ ഡോ. എം. ബാലൻ അദ്ധ്യക്ഷത വഹിച്ചു. ഡയറ്റ് ലക്ചറർ വിനോദ് കുമാർ കുട്ടമത്ത് മോഡറേറ്ററായി. ഡയറ്റ് സീനിയർ ലക്ചറർ ഡോ. എം.വി. ഗംഗാധരൻ. ഡയറ്റ് ലക്ചറർമാരായ എ. ഗിരീഷ് ബാബു, എ. പ്രസന്ന എന്നിവർ സംസാരിച്ചു