ചെറുപുഴ: കൊവിഡ് കാലത്തെ പ്രതിസന്ധി അതിജീവിക്കാൻ പോത്തുകളെ ചേർത്തു പിടിക്കുകയാണ് പുളിങ്ങോത്തെ ആറ് യുവാക്കൾ. രണ്ട് മാസം മുൻപ് ഹരിയാനയുടെ സ്വന്തം മുറ പോത്തുകളെ എത്തിച്ച് ഇവർ തുടങ്ങിയ വ്യാപാരം ഞൊടിയിടയിൽ ക്ലിക്കായി. പുളിങ്ങോം നഗരത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ സ്‌ഥലം അഞ്ചു വർഷത്തേയ്ക്ക് ലീസിനെടുത്ത് ഇവർ സജീവമായതോടെ ആവശ്യക്കാർ തേടിയെത്തുകയാണ്. ഏഴ് മാസം പ്രായമുള്ളവയെ എത്തിച്ചാണ് വിൽപ്പന. രണ്ടു വർഷം വരെ കാത്തിരുന്നാൽ ഒരു ടൺ തൂക്കമെത്തും. എന്നാൽ ഡിമാൻഡ് കൂടിയതോടെ മാസങ്ങൾക്കകം ഇവ വിറ്റഴിയുന്നുണ്ട്.
ഹരിയാനയിലെ കർഷകരിൽ നിന്നാണ് പോത്തുകളെ വാങ്ങുന്നത്. ഒരു ലോറിയിൽ 40 എണ്ണത്തിനെ കൊണ്ടുവരാം. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, മലപ്പുറം ജില്ലകളിലെല്ലാം പോത്തുകളെ നൽകുന്നു.
കിസാൻ മസ്റ എന്നപേരിൽ ഒരു സൊസൈറ്റി രൂപീകരിച്ച് പ്രവർത്തനങ്ങൾ വിപുലീകരിക്കാനാണ് ഇനി ശ്രമം. സൊസൈറ്റി യാഥാർത്ഥ്യമായാൽ ആട്, പശു, എരുമ എന്നിവയേയും കൊണ്ടുവരുമെന്നും കർഷകർക്ക് മികച്ച ഇനത്തിലുള്ള വളർത്തു മൃഗങ്ങളെ കുറഞ്ഞ വിലയ്ക്ക് നൽകാൻ കഴിയുമെന്നും ഇവർ പറയുന്നു. പോത്തുകളുമായി വരുന്ന വണ്ടിയിൽ ഹരിയാനയിലേക്ക് തിരികെ തേങ്ങ അയക്കാനും പദ്ധതിയുണ്ട്.
ഗൾഫിലെ സ്വദേശി വത്ക്കരണത്തിലെ ആശങ്കയും ഇങ്ങനെയൊരു ബിസിനസ് തുടങ്ങണമെന്ന ചിന്തയിലെത്തിച്ചു. പ്രവാസികളായ എം.എ. അൻസാരി, കെ.പി. ജുനൈദ്, എ. സഫീർ എന്നിവരും എ.ജി. മുത്തലിബ്, ടി. യാസിർ, എ.ജി. ഹാരിസ് എന്നിവർ ചേർന്നാണ് സംരംഭം തുടങ്ങിയത്. ആവശ്യക്കാർക്ക് ഇവരുടെ ഫാമിലെത്തി പോത്തുകളെ കണ്ട് ഇഷ്ടപ്പെട്ട് വാങ്ങാം.
കർഷകർക്ക് ഫാം രജിസ്റ്റർ ചെയ്യുന്നതിന് ഇവർ എല്ലാ സഹായങ്ങളും നൽകും. അഡ്വാൻസായി പണം നൽകിയില്ലെങ്കിലും പോത്തുകളെ ഇറക്കി നൽകും.
ഫോൺ: 9526290124