കൂത്തുപറമ്പ്: ചാമ്പാട് പാലത്തിൽ നിന്നും അഞ്ചരക്കണ്ടിപ്പുഴയിലേക്ക് അജ്ഞാതൻ ചാടിയെന്ന സന്ദേശം ഫയർഫോഴ്സിനേയും പൊലീസിനെയും നാട്ടുകാരെയും ഒരു പോലെ കുഴക്കി. ഇന്നലെ രാവിലെ എട്ട് മണിയോടെ നാട്ടുകാരിൽ ചിലർ കൂത്തുപറമ്പ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സും പൊലീസും ഏറെ സമയം വെള്ളത്തിലിറങ്ങി തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. ഇതിനിടയിൽ വിവരമറിഞ്ഞ് നിരവധി നാട്ടുകാരും സ്ഥലത്ത് എത്തിയിരുന്നു. ആളെ കണ്ടെത്താനാവാത്തതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ സംഭവം വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. കുളിക്കുന്നതിനിടയിൽ പുഴയിലേക്ക് ചാടിയത് കണ്ട് തെറ്റിദ്ധരിച്ച വഴിയാത്രക്കാർ പൊലീസിനെ അറിയിച്ചതാണ് ആശങ്കയ്ക്ക് ഇടയാക്കിയത്.