കാസർകോട്: ജില്ലയ്ക്ക് അനുവദിച്ച വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണലിന്റെയും (എം.എ.സി.ടി) ഹൊസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതിയുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. ഹൈക്കോടതി ജഡ്ജി എ.എം ഷഫീക്ക് അദ്ധ്യക്ഷത വഹിച്ചു. നിയമ മന്ത്രി എ.കെ ബാലൻ, ആരോഗ്യ മന്ത്രി കെ.കെ ശൈലജ, ഹൈക്കോടതി ജഡ്ജിമാരായ എ.എം ബദർ, അമിത് റാവൽ സംബന്ധിച്ചു.

എം.എ.സി.ടി ഇല്ലാത്ത സംസ്ഥാനത്തെ ഏക ജില്ലയായിരുന്നു കാസർകോട്. 2009 മുതൽ കോടതി സ്ഥാപിക്കുന്നതിനുള്ള മുൻഗണനാ പട്ടികയിൽ ജില്ല ഒന്നാം സ്ഥാനത്താണെങ്കിലും പല കാരണങ്ങളാൽ ഇത് നീണ്ടപോവുകയായിരുന്നു. കാസർകോട് ബാർ അസോസിയേഷൻ ഹൈക്കോടതിയിൽ ഫയൽ ചെയ്ത റിട്ട് ഹരജിയിലെ ഉത്തരവ് പ്രകാരമാണ് ജില്ലയിൽ എം.എ.സി.ടി സ്ഥാപിക്കുന്നത്. അഡീഷണൽ ജില്ലാ ജഡ്ജ് (ഒന്ന്) ആർ.എൽ ബൈജുവിനാണ് ജഡ്ജിന്റെ താത്ക്കാലിക ചുമതല. എം.എ.സി.ടിയിൽ ആദ്യദിനം അഞ്ച് കേസുകളാണ് പരിഗണിച്ചത്.

സംസ്ഥാനത്ത് അനുവദിച്ചിട്ടുള്ള 28 ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതികളിലൊന്നാണ് ഹൊസ്ദുർഗിൽ ആരംഭിക്കുന്ന സ്‌പെഷ്യൽ കോടതി. പോക്‌സോ കേസുകളുൾപ്പെടെയുള്ള സെഷൻസ് കേസുകൾ ഈ കോടതി കൈകാര്യം ചെയ്യും.

അഡീഷണൽ ജില്ലാ ജഡ്ജ് (രണ്ട്) രാജൻ തട്ടിലിനാണ് ഹൊസ്ദുർഗ് സ്‌പെഷ്യൽ കോടതിയുടെ ചുമതല നൽകിയിരിക്കുന്നത്. ജില്ലാ സെഷൻസ് ജഡ്ജ് എസ് .എച്ച് പഞ്ചപകേശന്റെ പ്രത്യേക താത്പര്യമാണ് കൊവിഡ് പ്രതിസന്ധിയ്ക്കിടയിലും പുതിയ കോടതികൾ യാഥാർത്ഥ്യമാക്കിയത്. കോടതി സമുച്ചയത്തിൽ സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങിൽ ജില്ലാ സെഷൻസ് ജഡ്ജ് എസ്.എച്ച് പഞ്ചാപകേശൻ, അഡീഷണൽ ജില്ലാ ജഡ്ജുമാരായ ടി.കെ നിർമല, രാജൻ തട്ടിൽ, ആർ.എൽ ബൈജു, ഡി.എൽ.എസ്.എ സെക്രട്ടറി ഷുഹൈബ്, കാസർകോട് ബാർ അസോസിയേഷൻ പ്രസിഡന്റ് എ.സി. അശോക് കുമാർ, സെക്രട്ടറി കെ. കരുണാകരൻ നമ്പ്യാർ, ഹൊസ്ദുർഗ് ബാർ അസോസിയേഷൻ പ്രസിഡന്റ് കെ.സി ശശീന്ദ്രൻ പങ്കെടുത്തു.