പയ്യന്നൂർ: ആധുനിക രീതിയിൽ നാല് ട്രാക്ക് ട്രാഫിക് സൗകര്യത്തോടെ നവീകരിച്ച പയ്യന്നൂരിന്റെ പെരുമ്പ പ്രവേശന കവാടം തുറന്നു. സി. കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ ശശി വട്ടക്കൊവ്വൽ അദ്ധ്യക്ഷത വഹിച്ചു. ജംഗ്ഷൻ വീതി കൂട്ടി റോഡിന്റെ അരിക് കെട്ടി സുരക്ഷിതമാക്കി റോഡ് ടാർ ചെയ്യുന്ന പ്രവൃത്തി മാസങ്ങൾക്ക് മുമ്പ് പൂർത്തിയാക്കിയിരുന്നുവെങ്കിലും ഇതോടനുബന്ധിച്ച് നിർമ്മിക്കാനിരുന്ന ട്രാഫിക് സർക്കിളിന്റെ പ്രവൃത്തി ലോക്ക് ഡൗണിനെ തുടർന്ന് നാല് മാസത്തോളം നീണ്ട് പോവുകയായിരുന്നു. ദേശീയപാത വിഭാഗം സപ്തംബർ അവസാന വാരമാണ് വീണ്ടും പ്രവൃത്തി പുനരാരംഭിച്ചത്.

നിലവിൽ പെരുമ്പ ജംഗ്ഷനിൽ ഉണ്ടായിരുന്ന പൊതുമരാമത്ത് വകുപ്പ് അസി. എൻജിനിയർ ഓഫീസ് പൊളിച്ച് മാറ്റി ആ സ്ഥലം കൂടി ഉപയോഗപ്പെടുത്തിയാണ് ഇവിടെ റോഡ് വീതി കൂട്ടി നാല് ട്രാക്ക് ട്രാഫിക് സർക്കിളിന് സ്ഥലം കണ്ടെത്തിയത്. നാല് ട്രാക്ക് ട്രാഫിക് സർക്കിൾ വന്നതോടുകൂടി പെരുമ്പയിൽ നിന്നും ദേശീയപാതയിലേക്കുള്ള പ്രവേശനം സൗകര്യപ്രദവും അപകടരഹിതവുമാകുമെന്നാണ് കരുതുന്നത്. നാല് ട്രാക്കുകളിലും ഡിവൈഡർ നിർമ്മിച്ച് റിഫ്ളക്ടർ സ്ഥാപിച്ചു. ഇത് കൂടാതെ സൈൻ ബോർഡ്, റോഡ് മാർക്കിംഗ് ,സീബ്രാലൈൻ തുടങ്ങിയവയും സ്ഥാപിച്ചിട്ടുണ്ട്.