train

നിരവധി പേരുടെ യാത്ര മുടങ്ങി

കാസർകോട്: മുംബൈയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള നേത്രാവതി എക്സ്‌പ്രസിന്റെ സമയമാറ്റമറിയാതെ കാസർകോട് സ്റ്റേഷനിൽ എത്തിയ നിരവധി പേരുടെ യാത്ര മുടങ്ങി. മൺസൂൺ സമയമാറ്റം റെയിൽവേ അറിയിക്കാത്തതാണ് യാത്രക്കാർക്ക് വിനയായത്. കൊവിഡ് മാനദണ്ഡം നിലനിൽക്കുന്നതിനാൽ കാസർകോട്ടു നിന്നും തിരുവനന്തപുരത്തേക്കുള്ള ഏക ട്രെയിനാണ് ഇത്.

നേത്രാവതി എക്സ്പ്രസ് സാധാരണ പുലർച്ചെ 6.40നാണ് കാസർകോട്ടെത്തുന്നത്. എന്നാൽ അഞ്ചരയ്ക്ക് ട്രെയിൻ കാസർകോട് കടന്നുപോയി. ഇന്നലെ മുതൽ മൺസൂൺ സമയമായതിനാലാണ് ട്രെയിൻ ഒരു മണിക്കൂർ മുമ്പേ പോയതെന്നായിരുന്നു റെയിൽവേ ജീവനക്കാരുടെ വിശദീകരണം. എന്നാൽ ഇതിൽ തൃപ്തരാകാതെ യാത്രക്കാർ പ്രതിഷേധം കടുപ്പിക്കുകയായിരുന്നു. ടിക്കറ്റിലും കാസർകോട്ടെ സമയം 6.40 എന്നാണ് രേഖപ്പെടുത്തിയിരുന്നതെന്ന് യാത്രക്കാർ പറഞ്ഞു.

യാത്രക്കാർ ഓൺലൈൻ വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. സമയം മാറ്റിയ വിവരം ഫോൺ മെസേജായും ലഭിച്ചിരുന്നില്ലെന്നും അവർ പറയുന്നു. തിരുവനന്തപുരത്തേക്ക് അടക്കമുള്ള യാത്രക്കാർ കൂട്ടത്തിലുണ്ടായിരുന്നു. പലരും കരിപ്പൂർ വിമാനത്താവളത്തിലേക്ക് പോവാനിരുന്നവരാണ്. ശരിയായ വിവരം കൈമാറാതെ ട്രെയിൻ ഒരു മണിക്കൂർ മുമ്പേ കടന്നു പോയതിനാൽ അത്യാവശ്യ കാര്യത്തിന് പോവേണ്ടിയിരുന്ന പലർക്കും യാത്ര മുടങ്ങി. സ്ത്രീകൾ അടക്കമുള്ള യാത്രക്കാർ റെയിൽവെസ്റ്റേഷനിൽ കടുത്ത പ്രതിഷേധം അറിയിച്ചാണ് മടങ്ങിയത്.