ramesan
ചെയർമൻ സി.കെ.രമേശൻ

തലശ്ശേരി: പോയ അഞ്ചുവർഷം നേട്ടങ്ങളുടെ സുവർണ്ണകാലമെന്നാണ് നഗരസഭ ഭരണം നിയന്ത്രിക്കുന്ന ഇടതുമുന്നണിയുടെ അവകാശവാദം. നഗരത്തിലെ 22 പ്രധാന റോഡുകൾ ഇന്റർലോക്കും കോൺക്രീറ്റും ചെയ്തതും ആധുനിക രീതിയിലുള്ള മൂന്ന് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിച്ചതും ഹൈമാസ്റ്റ് ലൈറ്റുകൾ, എൽ.ഇ.ഡികൾ എന്നിവ സ്ഥാപിച്ച് വെളിച്ച വിപ്ലവം നടത്തിയതും സംസ്ഥാനത്ത് ആദ്യമായി പവർ ലൈൻ മാപ്പിംഗ് നടപ്പിലാക്കിതുമെല്ലാം ഭരണസമിതിക്ക് എടുത്തുപറയാനുണ്ട്.

ചിറക്കര, കൊടുവള്ളി ഹൈസ്‌കൂളുകൾ, തലശ്ശേരി ഗവ. എൽ.പി, കാവുംഭാഗം ഹയർസെക്കൻഡറി, ബ്രണ്ണൻ ഹയർ സെക്കൻഡറി, തിരുവങ്ങാട് എച്ച്.എസ്.എസ് തുടങ്ങിയ വിദ്യാലയങ്ങൾ അത്യാധുനിക കെട്ടിടങ്ങളിലായി. തലശ്ശേരി ഗവ.ജനറൽ ആശുപത്രിയിലെ ഓപ്പറേഷൻ തയേറ്ററുകൾ നവീകരിച്ചു. പ്രസവവാർഡ് ശീതീകരിച്ചു. ഡയലിസിസ് സെന്റർ ആരംഭിച്ചു. യൂറോളജിക്ക് പ്രത്യേക വിഭാഗം കൊണ്ടുവന്നു. ഐ.സി.യു നവീകരിച്ചു. പോസ്റ്റ്‌മോർട്ടം കെട്ടിടവും കാന്റീനും, ഒ.പി. ബ്ലോക്കും നവീകരിച്ചു.

വിവിധ കുടുംബശ്രീ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ഹോട്ടലുകൾ, മെഡിക്കൽ ലാബ്, ജന സേവാ കേന്ദ്രങ്ങൾ, റെഡിമെയ്ഡ് യൂണിറ്റുകൾ, ഓട്ടോറിക്ഷ വർക്ക് ഷാപ്പ്.തുടങ്ങി പലവ്യഞ്ജന കടകൾ വരെ നടത്തി വരുന്നുണ്ട്.

വിവിധ ഭാഗങ്ങളിൽ സുഭിക്ഷ കേരളം പദ്ധതിയിലൂടെ ജൈവകൃഷി വ്യാപകമായി നടത്തി വരുന്നു. മത്സ്യമേഖലയിൽ ഫൈബർ തോണിയും, വലയും നൽകി വരുന്നുണ്ട്. വയോമിത്രം പദ്ധതിയിൽ എണ്ണൂറോളം കട്ടിലുകൾ വിതരണം ചെയ്തു. 12 പട്ടികജാതി കുടുംബങ്ങൾക്കായി ഉക്കണ്ടൻ പീടികയ്ക്ക് സമീപം ഫ്ളാറ്റ് നിർമ്മിച്ചു വരുന്നു. വിദ്യാർത്ഥികൾക്ക് സൈക്കിൾ, മേശ, കസേര, ലാപ്‌ടോപ്പ്, സ്‌കോളർഷിപ്പ് എന്നിവ വിതരണം ചെയ്തു. കുടിവെള്ള പ്രശ്ന പരിഹാരത്തിന് ആറു പദ്ധതികളാണ് നടപ്പിലാക്കിയത്. വിവിധ ഡ്രൈനേജുകൾ നവീകരിച്ചു. വിശപ്പ് രഹിത നഗരമായി പ്രഖ്യാപിക്കാനായി. നഗരഹൃദയത്തിൽ ക്ലോക്ക് ടവർ സ്ഥാപിക്കാനായി. 150ാം വാർഷികാഘോഷം നഗരത്തിന്റെ മഹോത്സവമായി നടന്നതും ഈ കാലയളവിൽ തന്നെ.

പദ്ധതികൾ വേറെയും
ഗവ: ആയുർവ്വേദ ആശുപത്രിക്ക് പുതിയ ഫാർമസി കെട്ടിടം

254 കുടുംബങ്ങൾക്ക് വീട്

നാല് ഷോപ്പിംഗ് കോംപ്ളക്സുകളുടെ നവീകരണം
കണ്ടിക്കലിൽ 1.28 കോടിയുടെ അത്യാധുനിക ഗ്യാസ് ശ്മശാനം

വിഖ്യാത സംഗീതജ്ഞൻ കെ.രാഘവൻ മാസ്റ്റരുടെ പൂർണ്ണകായ പ്രതിമ

വലിയ വികസനപ്രവൃത്തികളാണ് കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ നടന്നത്. വിദ്യാഭ്യാസ, ആരോഗ്യ, ഗതാഗതമേഖലകളിൽ എടുത്തുപറയാവുന്ന നിരവധി പ്രവൃത്തികളാണ് നടപ്പിലാക്കിയത്- ചെയർമൻ സി.കെ.രമേശൻ

എൽ.ഡി.എഫിന്റെ മാനിഫെസ്റ്റോയിൽ പറഞ്ഞ പ്രധാന കാര്യങ്ങളൊന്നും നടപ്പാക്കാനായില്ല. കേന്ദ്രസംസ്ഥാന സർക്കാർ പദ്ധതികളെ പോലും നഗരസഭയുടെ കണക്കിൽ എഴുതിയെടുക്കുകയാണ് ഭരണനേതൃത്വം.

എം.പി.അരവിന്ദാക്ഷൻ (കൗൺസിലർ, കോൺഗ്രസ് )

ആകെ വാർഡുകൾ:52

കക്ഷി നില: എൽഡി.എഫ്35

യു.ഡി.എഫ് :10

ബി.ജെ.പി.: 5

വെൽഫെയർ പാർട്ടി: 2