തലശ്ശേരി: നഗരഹൃദയത്തിൽ ദശകങ്ങൾക്ക് മുമ്പ് നിർമ്മിച്ച വറ്റാത്ത പൊതു കിണറുകൾ തലശ്ശേരിയിൽ പുതുമോടി കൈവരിച്ചപ്പോൾ, കുടിവെള്ളത്തിന് കേരളത്തെ ആശ്രയിക്കേണ്ടി വരുന്ന മാഹിയിൽ, ഫ്രഞ്ചുകാർ നിർമ്മിച്ച ഒരിക്കലും വറ്റാത്ത ഒന്നര ഡസൻ പൊതുകിണറുകൾ കാടുകയറുന്നു.
അഞ്ചരക്കണ്ടി പുഴയിൽ നിന്നുള്ള കുടിവെള്ളത്തിന് പ്രതിവർഷം കോടികൾ ചെലവഴിക്കുന്ന മാഹിയിൽ, ഓരോ പ്രദേശങ്ങളിലും ഫ്രഞ്ചുകാർ നിർമ്മിച്ച നിലവിലുള്ള വലിയ കിണറുകൾ നശോൻമുഖമാവുന്നു. ഒരിക്കലും വറ്റാത്ത വെള്ളമുള്ള മെയിൻ റോഡിലെ പാറക്കൽ ഐ.ബി പെട്രോൾ പമ്പിനടുത്ത പൊതുകിണറിൽ സാമൂഹ്യ വിരുദ്ധർ മാലിന്യം നിക്ഷേപിച്ച് ഏതാണ്ട് നികത്തപ്പെടുന്ന അവസ്ഥയിലായിട്ടും, ഒരു വിളിപ്പാടകലെയുള്ള നഗരസഭാധികൃതർക്ക് മിണ്ടാട്ടമില്ല.

മയ്യഴിയിൽ ഇത്തരം കിണറുകൾ അവഗണിക്കപ്പെട്ട് കിടക്കുമ്പോൾ തൊട്ടടുത്ത കേരളത്തിലെ നഗരസഭക്ക് കീഴിലെ അര നൂറ്റാണ്ടിലേറെ പഴക്കമുള്ള പൊതുകിണറുകൾ ഹൈടെക്കാക്കി മാറ്റിയിരിക്കുകയാണ്. പ്ലാറ്റ്‌ഫോം ടൈൽസ് പാകി ചുറ്റിലും എൽ.ഇ.ഡി.വിളക്കുകൾ സ്ഥാപിച്ച് മനോഹരമായി സംവിധാനം ചെയ്ത ഈ കിണറുകൾ നഗരത്തിന്റെ മുഖശ്രീയായി മാറിക്കഴിഞ്ഞിട്ടുണ്ട്. വ്യാപാരി വ്യവസായി സമിതിയുടെ സഹകരണത്തോടെയാണ് ഇരു ബസ്സ് സ്റ്റാന്റുകളിലേയും ഒട്ടേറെ സ്ഥാപനങ്ങൾക്ക് അനുഗ്രഹമായി മാറിയ ഈ കിണറുകൾ മോടി കൂട്ടിയത് .

കുടിവെള്ള പ്രശ്നത്തിന് പരിഹാരം
പോത്തിലോട്ട് പമ്പ് ഹൗസ് ഉൾപ്പടെ മയ്യഴിയിലുടനീളമുള്ള ഇത്തരം കിണറുകൾ കൃത്യമായി ശുചീകരിച്ച് പ്രദേശികമായി കുടിവെള്ളം വിതരണം ചെയ്താൽ വലിയൊരളവ് വരെ കുടിവെള്ള പ്രശ്നം പരിഹരിക്കാനാവും. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നലോളം കിണറുകൾ ഇനിയും നവീകരിക്കേണ്ടതായിട്ടുണ്ട്. ചരിത്രത്തിന്റെ ഭാഗമായിട്ടുള്ളതാണ് ചരിത്ര നഗരിയിലെ ഈ പൊതുകിണറുകളും.