chira
പായൽ നിറഞ്ഞ കോവിലകം ചിറ

നീലേശ്വരം: രണ്ട് ഏക്കറോളം വിസ്തൃതിയുള്ള നീലേശ്വരം കോവിലകം ചിറ പൂർണമായും പായൽമൂടിയ നിലയിൽ. ചിറ സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ച് ഭരണത്തിലേറിയ നഗരസഭാ ഭരണസമിതിയുടെ കാലാവധി തീരാൻ ഇനി ദിവസങ്ങൾ മാത്രം. ഭരണത്തിലേറിയ ആദ്യവർഷം തന്നെ, ജില്ലക്കാരനായ മന്ത്രിയും ജില്ലാകളക്ടറും നഗരസഭ ചെയർമാനുമെല്ലാം രംഗത്തിറങ്ങി നടത്തിയ ശുചീകരണപ്രവൃത്തിയുടെ ആവേശം പത്രങ്ങളിലെ ഫോട്ടോ വന്നതോടെ തീർന്നു. 80,000 രൂപ ചിലവിട്ടുവെന്നല്ലാതെ ചിറയിലെ പായൽ ഒരിഞ്ചുവിട്ടുകൊടുക്കാതെ വിരിഞ്ഞുനിൽക്കുകയാണ്.

നീലേശ്വരത്തിന്റെ ഒത്തമദ്ധ്യത്തിലുള്ള വിസ്ത‌ൃതിയേറിയ ചിറ കണ്ടാൽ ഒരുതുള്ളി വെള്ളം അതിലുണ്ടെന്ന് ആരും പറയില്ല. പായലും കാടും നിറഞ്ഞ് പറമ്പുപോലെയാണിപ്പോഴിത്. വടക്ക് ഭാഗം പടിക്കല്ലുകൾ ഇളകി ആഴത്തിലേക്ക് വീണ് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇതുവഴി മന്നൻ പുറത്ത് കാവിലേക്ക് പോകുന്ന വാഹനങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ചിറയിലേക്ക് തെന്നി വീഴാനും സാദ്ധ്യതയുണ്ട്.

കോവിലകം ചിറ സംരക്ഷിച്ച് പഴയ പൈതൃകം നിലനിർത്തുമെന്ന് നഗരസഭ അധികൃതർ പറഞ്ഞിരുന്നുവെങ്കിലും ചിറ വൃത്തിയാക്കിയതിൽ പിന്നെ ഇങ്ങോട്ടു തിരിഞ്ഞ് നോക്കിയിട്ടില്ല. കോവിലകം ചിറ സംരക്ഷിച്ച് നഗരത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുമെന്നും അന്ന് പറഞ്ഞിരുന്നതാണ്.

തളിയിൽ ശിവക്ഷേത്രത്തിലെ ഉത്സവത്തിന് ആറാട്ട് നടത്തുന്നതും പൂരോത്സവ സമാപനമെന്ന നിലയിൽ മന്നൻ പുറത്ത് കാവിലെ പൂരംകുളി നടത്തുന്നതുമൊക്കെ കോവിലകം ചിറയിലാണ്. സമീപകാലം വരെ ജില്ലാതല നീന്തൽ മത്സരം സംഘടിപ്പിച്ചിരുന്നതും ഈ ചിറയിലായിരുന്നു.