silpi

കണ്ണൂർ:ശ്രീനാരായണ ഗുരുവിന്റെ ജനനം മുതൽ മഹാസമാധി വരെയുള്ള മുഹൂർത്തങ്ങൾ ചുവർ ശില്പങ്ങളായി തിരുവനന്തപുരം നഗരത്തിലെ ഗുരുദേവ പാർക്കിൽ ചൈതന്യം പകരും. കഴിഞ്ഞ ചതയദിനത്തിൽ മുഖ്യമന്ത്രി അനാവരണം ചെയ്‌ത ഗുരുദേവന്റെ വെങ്കല പ്രതിമയുടെ ശില്പി ഉണ്ണി കാനായി ചുമർ ശില്പങ്ങളുടെ അവസാന മിനുക്ക് പണിയിലാണ്. ശില്പങ്ങൾ ഏതാനും ദിവസത്തിനകം പാർക്കിൽ സ്ഥാപിക്കും

ചരിത്രമുഹൂർത്തങ്ങൾ

ഗുരുവിന്റെ ബാല്യം,​ കൗമാരം,​ യൗവനം, വാർദ്ധക്യം എന്നീ കാലഘട്ടങ്ങൾ ശില്പങ്ങളിൽ ആവിഷ്‌കരിച്ചിട്ടുണ്ട്. ചരിത്ര പ്രസിദ്ധമായ അരുവിപ്പുറം പ്രതിഷ്ഠ,​ കണ്ണാടി പ്രതിഷ്ഠ,​ മഹാത്മാഗാന്ധിയും ടാഗോറും ഗുരുവിനെ സന്ദർശിക്കുന്നത്,​ ചട്ടമ്പിസ്വാമികളുമായുള്ള ഗുരുവിന്റെ സമാഗമം,​ ഗുരുവിന്റെ ശ്രീലങ്കൻ സന്ദർശനം എന്നിവ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്.അനീതിക്കും അന്ധവിശ്വാസത്തിനും എതിരെയുള്ള പോരാട്ടത്തിനൊപ്പം ശൈശവ വിവാഹം, നരബലി എന്നിവയ്ക്കെതിരെയും ശില്പങ്ങൾ ശബ്ദിക്കുന്നുണ്ട്.

ഗുരുവിന്റെ ബാല്യകാലത്ത് കേരളത്തിൽ നിലനിന്ന ജാതി വർണ വ്യവസ്ഥയും ശില്പി ആവിഷ്‌കരിച്ചിട്ടുണ്ട്.

26 ശില്പങ്ങൾ

ആറടി നീളവും നാലടി വീതിയുമുള്ള 26 ചുവർ ശില്പങ്ങളാണ് ഫൈബർ ഗ്ലാസിൽ വെങ്കലനിറം പൂശി നിർമ്മിച്ചിരിക്കുന്നത്. പാർക്കിലെ ചുറ്റുമതിലിൽ ഏതാനും ദിവസങ്ങൾക്കകം ഇവ സ്ഥാപിക്കും. ഓരോ ശില്പവും കളിമണ്ണിൽ നിർമ്മിച്ച്,​ പ്ലാസ്റ്റർ ഓഫ് പാരീസിൽ മോൾഡ് എടുത്ത ശേഷം ഫൈബർ ഗ്ലാസിലേക്ക് മാറ്റുകയാണ് ചെയ്തത്. എട്ട് മാസം കൊണ്ടാണ് ചുമർ ശില്പങ്ങൾ പൂർത്തിയാക്കിയത്.

ഷൈജിത്ത്, രമേശൻ, ടിനു, രാജീവൻ, പ്രണവ്, അനുരാഗ്, അഭിജിത്ത്, മിഥുൻ എന്നിവരും ഉണ്ണിയെ സഹായിക്കാനുണ്ട്. ശില്പ നിർമ്മാണത്തിന്റെ പുരോഗതി സൂം മീറ്റിംഗിലൂടെ സാംസ്കാരിക മന്ത്രി എ.കെ.ബാലൻ സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്, സാംസ്കാരിക വകുപ്പ് ഡയറക്ടർ ടി. ആർ.സദാശിവൻ നായർ എന്നിവർ വിലയിരുത്തി.

വർഷങ്ങളായുള്ള കാത്തിരിപ്പ് ഉണ്ണി കാനായി

വർഷങ്ങളായുള്ള കാത്തിരിപ്പാണ് സഫലമാകുന്നത്. ഗുരുവിന്റെ ജീവിതം പഠിച്ച് ശേഷമാണ് ഈ ദൗത്യത്തിന് തയ്യാറെടുത്തത്. സാംസ്കാരിക പ്രവർത്തകൻ എ.വി. രഞ്ജിത്തിന്റെ ഉപദേശങ്ങൾ ഗുണം ചെയ്തു.