kottaram
പാനൂർ കൊട്ടാരം ലക്ഷം വീട് കോളനിയിൽ നിർമ്മിച്ച വീടുകൾ

പാനൂർ:യു.ഡി.എഫ് ഭരണം നിലനിൽക്കുന്ന പാനൂർ നഗരസഭയിൽ കെ.വി.റംലയായിരുന്നു ആദ്യനാലുവർഷം അദ്ധ്യക്ഷസ്ഥാനത്ത്. അവസാനവർഷം ഇ.കെ.സുവർണിനിയ്ക്ക് സ്ഥാനം കൈമാറി. മികച്ച നേട്ടം കൈവരിക്കാനായെന്ന് യു.ഡി.എഫ് നേതൃത്വം അവകാശപ്പെടുന്ന പാനൂരിൽ ഒരു കോടി അനുവദിച്ചിട്ടും ഒരു ആസ്ഥാനമന്ദിരം നിർമ്മിക്കാൻ ഭരണസമിതിയെ നയിക്കുന്നവർക്ക് കഴിയുന്നില്ലെന്ന അഭിപ്രായമാണ് പ്രതിപക്ഷത്തുള്ള എൽ.ഡി.എഫിന്.

ഭവനരഹിതർക്കുള്ള പദ്ധതിയാണ് നഗരസഭ ഭരണസമിതി അഭിമാനപദ്ധതിയായി എടുത്തുപറയുന്നത്. വീടില്ലാത്ത മുഴുവൻ കുടുംബങ്ങൾക്കും വീട് എന്ന ലക്ഷ്യത്തോടെ പി.എം എ വൈ പദ്ധതി വഴി 317 കുടുംബങ്ങൾക്ക് വീട് പണിയാൻ 4 ലക്ഷം രൂപ വീതം ധനസഹായം അനുവദിച്ചു. നടപ്പ് വാർഷിക പദ്ധതിയിൽ 50 പേർക്ക് കൂടി ഭവന ധനസഹായം നല്കും

ക്രഡിറ്റ് ലിങ്ക് സ്കീം പ്രകാരം 45 കുടുംബങ്ങൾക്ക് ഭവന നിർമ്മാണ ധനസഹായം നല്കിയെന്നും യു.ഡി.എഫ് എടുത്തുപറയുന്നു.പാനൂർ ലക്ഷം വീട് കോളനിയിലെ 13 കുടുംബങ്ങൾക്കും കരിയാട് വട്ടക്കണ്ടി ലക്ഷം വീട് കോളനിയിൽ 22 കുടുംബങ്ങൾക്കും നഗരസഭ ഫണ്ട് ഉപയോഗിച്ചും വീട് നൽകി. കൊട്ടാരം ലക്ഷം വീട് കോളനിയിലെ 26 കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം ഉപയോഗിച്ചും വീടുകൾ പുനർ നിർമ്മിച്ചു നല്കി. വീട് നിർമ്മാണം പൂർത്തീകരിക്കാൻ കഴിയാതിരുന്ന 40 കുടുംബങ്ങളുടെ ഭവന പൂർത്തീകരണത്തിന് നഗരസഭ 5283333 രൂപ ചെലവഴിച്ചു. ഭൂരഹിതരായ ഭവനരഹിതർക്ക് ഫ്ലാറ്റ് നിർമ്മിക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നു.

പെരിങ്ങളത്ത് ഹോമിയോ ആശുപത്രി കരിയാട് അർബ്ബൻ പി.എച്ച് സി. എന്നിവ ആരംഭിച്ചു. മേക്കുന്ന് പി.എച്ച് .സിക്ക് പുതിയ കെട്ടിട നിർമ്മാണത്തിനുള്ള സ്ഥലം കണ്ടെത്തി ഫണ്ട് അനുവദിച്ചു.വയോമിത്രം പദ്ധതിയിലൂടെ നഗരസഭയിലെ നഗരസഭയിലെ മുഴുവൻ മുതിർന്ന പൗരന്മാർക്കും സൗജന്യ ചികിത്സയും മരുന്നും ലഭ്യമാക്കി.

കാർഷികേ മേഖലയിൽ നൂതന കൃഷി രീതികളെ പ്രോത്സാഹിപ്പിച്ചു തരിശ് രഹിതനഗരസഭ പദ്ധതിയുടെ ഭാഗമായി 33 ഹെക്ടറിൽ നെൽക്കൃഷി വ്യാപിപ്പിച്ചു. ഗവ: വിദ്യാലയങ്ങളിൽ നഗരസഭ ഫണ്ട് ഉപയോഗിച്ചു മറ്റു വിദ്യാലയങ്ങളിൽ പി.ടി.എ ഫണ്ട് ഉപയോഗിച്ചും സ്മാർട്ട് ക്ലാസ്സ് റൂം സജ്ജീകരിച്ചു. മൃഗസംരക്ഷണ മേഖലയിൽ ക്ഷീര കർഷകർക്ക് ആശ്വാസകരമായ പദ്ധതികൾ നടപ്പിലാക്കി പാൽ സബ് സിഡി, കാലിത്തീറ്റ വിതരണം പശു, ആട്, പോത്തുക്കുട്ടി, മുട്ടക്കോഴി വിതരണ പദ്ധതി ആവിഷ്കരിച്ചു എന്നിങ്ങനെ നിരവധി നേട്ടങ്ങൾ എണ്ണിപ്പറയുന്നുണ്ട് ഭരണനേതൃത്വം.

'ഭവനരഹിതർക്ക് വീട് നൽകിയതടക്കം മികച്ച മുന്നേറ്റമാണ് നഗരസഭ നടത്തിയത്. ആരോഗ്യ,വിദ്യാഭ്യാസമേഖലകളിൽ നിർണായകമായ ചുവടുവെക്കാൻ സാധിച്ചു.

നൂരിന്റെ മുഖച്ഛായ മാറ്റാൻ നിരവധിവികസന പ്രവർത്തനങ്ങളാണ് അഞ്ചുവർഷം കൊണ്ട് നടന്നത്'- ഇ.കെ സുവർണിനി(ചെയർപേഴ്സൺ)

'നഗരസഭക്ക് സൗകര്യപ്രദമായ ആസ്ഥാനം പണിയാൻ സംസ്ഥാന സർക്കാർ ഒരു കോടി രൂപ അനുവദിച്ചിട്ടും മന്ദിരം നിർമ്മിക്കേണ്ട സ്ഥലം സംബന്ധിച്ച് യു ഡി.എഫിലെ തർക്കം കാരണം അനുവദിച്ച ഫണ്ട് പാഴാക്കി കളഞ്ഞ ഭരണ നേതൃത്വം വാടക കെട്ടിടത്തിൽ ഭീമമായ വാടക നല്കി ഇപ്പോഴും പ്രവർത്തിക്കുന്നു.പ്രധാന കേന്ദ്രങ്ങളിൽ മൂത്രപ്പുര പോലും പണിയാൻ ഇവർക്കായില്ല -കെ.കെ.സുധീർകുമാർ ( സി.പി.എം)​